സി അഷറഫ്‌ വധക്കേസ്‌: പ്രതികളായ നാല്‌ ആർഎസ്‌എസ്സുകാർക്കും ജീവപര്യന്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 03:11 PM | 0 min read

തലശേരി > സിപിഐ എം പ്രവർത്തകൻ എരുവട്ടി കോമ്പിലെ സി അഷറഫിനെ വെട്ടിക്കൊന്ന കേസിൽ നാല്‌ ആർഎസ്‌എസ്‌–-ബിജെപി പ്രവർത്തകരെ തലശേരി അഡീഷനൽ സെഷൻസ്‌ കോടതി (4) ജഡ്‌ജി ജെ വിമൽ ജീവപര്യന്തം തടവിനും 80,000 രൂപവീതം പിഴയടക്കാനും ശിക്ഷിച്ചു. എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ കുട്ടൻ എന്ന എം പ്രനു ബാബു (34), മാവിലായി ദാസൻമുക്ക് ആർവി നിവാസിൽ ടുട്ടു എന്ന ആർ വി നിധീഷ്‌ (36), എരുവട്ടി പാനുണ്ട മണക്കടവത്ത്‌ ഹൗസിൽ ഷിജൂട്ടൻ എന്ന വി ഷിജിൽ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ ഉജി എന്ന കെ ഉജേഷ്‌ (34) എന്നിവരെയാണ്‌ ശിക്ഷിച്ചത്‌.

കൊലപാതകത്തിന്‌ 302 വകുപ്പ്‌ പ്രകാരം ജീവപര്യന്തംതടവും അര ലക്ഷം രൂപ പിഴയും വധശ്രമത്തിന്‌ 307 വകുപ്പ്‌ പ്രകാരം 7 വർഷം തടവും 20,000 രൂപയും പരിക്കേൽപിച്ചതിന്‌ 324 വകുപ്പ്‌ പ്രകാരം 2 വർഷം തടവും 10,000 രൂപയും അന്യായമായി തടങ്കലിൽവെച്ചതിന്‌ 341 വകുപ്പ്‌ പ്രകാരം ഒരുമാസം തടവിനുമാണ്‌ പ്രതികളെ ശിക്ഷിച്ചത്‌. പിഴസംഖ്യ കൊല്ലപ്പെട്ട അഷറഫിന്റെ കുടുംബത്തിന്‌ നൽകണമെന്നും കോടതി വിധിച്ചു.

പാതിരിയാട്‌ കീഴത്തൂർ കോമത്ത്‌ ഹൗസിൽ കൊത്തൻ എന്ന എം ആർ ശ്രീജിത്ത്‌ (39), പാതിരിയാട്‌ കുഴിയിൽപീടിക ബിനീഷ്‌ നിവാസിൽ പി ബിനീഷ്‌ (48) എന്നിവരെ വെറുതെ വിട്ടു. എട്ടുപേർ പ്രതികളായ കേസിൽ ഏഴും എട്ടും പ്രതികളായ എരുവട്ടി പുത്തൻകണ്ടം ഷിജിൻ നിവാസിൽ മാറോളി ഷിജിൻ, കണ്ടംകുന്ന്‌ നീർവേലി തട്ടുപറമ്പ്‌ റോഡ്‌ സൗമ്യ നിവാസിൽ എൻ പി സുജിത്ത്‌ (29) എന്നിവർ വിചാരണക്ക്‌ മുൻപ്‌ മരിച്ചിരുന്നു.    

മത്സ്യവിൽപനക്കിടെ കാപ്പുമ്മൽ–-സുബേദാർ റോഡിൽ 2011 മെയ്‌ 19ന്‌ രാവിലെ 9.30നാണ്‌ അഷറഫിനെ ആക്രമിച്ചത്‌. മൂന്നും നാലും പ്രതികളായ ഷിജിൽ, ഉജേഷ്‌ എന്നിവർ ‘അവനെ കൊല്ലെടാ’ എന്ന്‌ പറഞ്ഞ്‌ ചൂണ്ടിക്കാട്ടുകയും ആറും ഏഴും പ്രതികളായ ബിനീഷ്‌, ഷിജിൻ എന്നിവർ അഷറഫിനെ തടഞ്ഞുനിർത്തുകയും ഒന്നും അഞ്ചും പ്രതികളായ പ്രനുബാബു, എം ആർ ശ്രീജിത്ത്‌ എന്നിവർ കത്തിവാൾ കൊണ്ടും രണ്ടാം പ്രതി ആർവി നിധീഷ്‌ മഴു ഉപയോഗിച്ചും വെട്ടിയെന്നുമാണ്‌ കുറ്റപത്രത്തിലുളളത്‌.

ശരീരമാസകലം വെട്ടേറ്റ്‌ ഗുരുതരമായി പരിക്കേറ്റ അഷറഫ്‌ കോഴിക്കോട്‌ ബേബിമെമ്മൊറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മെയ്‌ 21ന്‌ പുലർച്ചെ 3.50ന്‌ മരിച്ചു. 26 സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ വിസ്‌തരിച്ചു. രാഷ്‌ട്രീയ വിരോധം കാരണം ആർഎസ്‌എസ്‌ –-ബിജെപി പ്രവർത്തകർ സംഘം ചേർന്ന്‌ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. കൂത്തുപറമ്പ്‌ സിഐ ആയിരുന്ന കെ വി വേണുഗോപാലനാണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്‌. പ്രോസിക്യുഷന്‌ വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ സി കെ ശ്രീധരൻ ഹാജരായി.
 



deshabhimani section

Related News

View More
0 comments
Sort by

Home