ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരേ തൂവൽപക്ഷികൾ: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 04:39 PM | 0 min read

കോഴിക്കോട്‌ > സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ഒരേ തൂവൽ പക്ഷികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീം ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടു കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ എഴുതിയ പുസ്‌തകം ‘കേരളം: മുസ്ലിം രാഷ്‌ട്രീയം രാഷ്‌ട്രീയ ഇസ്ലാം’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണ് കൊണ്ടു കാണരുത്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനവും. ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധമുണ്ട്. ലീഗിന് ഇന്ത്യക്ക് പുറത്തു സഖ്യമില്ല. ജമാഅത്തെ ഇസ്ലാമിക് വേണ്ടത് ഇസ്ലാമിക സാർവ്വ ദേശീയതയാണ്. ലീഗിന് അങ്ങനെ അല്ല. ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവൽ പക്ഷികളാണ്. ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടു കൂടുകയാണ്‌’–- മുഖ്യമന്ത്രി പറഞ്ഞു.

‘മലബാര്‍ കലാപം മാപ്പിള ലഹളയല്ല, അത്‌ ജന്മിത്വത്തിന്റെ സാമ്രാജ്യത്യത്തിനെതിരെയുള്ള പോരാട്ടമാണ്‌. ഖിലാഫത്തിന്റെ ഭാഗമായാണ് മാപ്പിള കുടിയാന്മാര്‍ അധികം വന്നത്. കോണ്‍ഗ്രസിന്റെ വീഴ്ചകളും എടുത്തു പറയുന്നുണ്ട്. വാഗണ്‍ ട്രാജഡിയുടെ വിശദാംശങ്ങള്‍ പുസ്തകത്തിലുണ്ട്. പൗരത്വ പ്രശ്‌നവും കൃതി ചര്‍ച്ച ചെയ്യുന്നു. മുസ്‌ലിം സമൂഹം നേരിടുന്ന വിഷയങ്ങളിലേക്ക് ജയരാജന്റെ പുസ്തകം വിരല്‍ചൂണ്ടുന്നു. വിദ്യാഭ്യാസമേഖലയിലെ ശോചനീയാവസ്ഥ ചര്‍ച്ച ചെയ്യുന്നുണ്ട്. അത് എങ്ങനെ പരിഹരിക്കപ്പെട്ടു എന്നും പുസ്തകം പറയുന്നുണ്ട്. ദേശീയ മുസ്‌ലിങ്ങള്‍, മുസ്‌ലിം ലീഗ്, കമ്യൂണിസ്റ്റ് ഇങ്ങനെ മൂന്നായി തന്നെ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. ലീഗിനോടുള്ള കോണ്‍ഗ്രസ് സമീപനങ്ങളിലെ മാറ്റങ്ങളും പുസ്തകത്തില്‍ പറയുന്നുണ്ട്. നെഹ്റു ലീഗിനെ ചത്ത കുതിര എന്ന് പറഞ്ഞതും പുസ്തകത്തില്‍ പറരാമർശിക്കുന്നുണ്ടെന്നും’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട് ലീഗ് അസത്യം പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികളുമായി കൂട്ടു കൂടാൻ കഴിയില്ലെന്ന് പറയാൻ ലീഗിന് സാധിക്കില്ല. മലപ്പുറത്ത്‌ കൂടുതൽ കേസ് ഉണ്ടെന്ന് എവിടെയും ആരും പറഞ്ഞിട്ടില്ലെന്നും ശരിയല്ലാത്തത് പ്രചരിപ്പിച്ച് മലപ്പുറത്തെ അപകീർത്തിപ്പെടുത്തുകയാണ് ലീഗ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ്‌ കുട്ടിക്ക്‌ പുസ്‌തകം നൽകിയാണ്‌ മുഖ്യമന്ത്രി പുസ്‌തക പ്രകാശനം നിർവഹിച്ചത്‌. സിപിഐ എം നേതാവ്‌ ഇ പി ജയരാജന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ ടി ജലീല്‍ എംഎല്‍എ, ടി കെ ഹംസ തുടങ്ങിവർ പരിപാടിയില്‍ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home