തൃശൂർ പൂരം: ത്രിതല അന്വേഷണം 
നടക്കുന്നുവെന്ന്‌ സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 02:31 AM | 0 min read



കൊച്ചി
തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികളെക്കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ത്രിതല അന്വേഷണം നടക്കുകയാണെന്ന് സ‌ർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോപണം സംബന്ധിച്ച് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അന്വേഷിച്ച് നേരത്തേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നീട് മന്ത്രിസഭ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കുകയും എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.  ഉദ്യോഗസ്ഥതല വീഴ്ചകളെക്കുറിച്ച് ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമും അന്വേഷിക്കുകയാണ്. എഡിജിപി എം ആർ അജിത്കുമാർ പൂരദിവസം തൃശൂരിലുണ്ടായിട്ടും ഇടപെട്ടില്ലെന്ന പരാതി, സംസ്ഥാന പൊലീസ് മേധാവിയും അന്വേഷിക്കുന്നുണ്ടെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് മുമ്പാകെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു.

തൃശൂർ പൂരം അലങ്കോലമായെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്  ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് സർക്കാർ എതിർ സത്യവാങ്മൂലം നൽകിയത്. മറുപടി സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ കോടതി കൊച്ചിൻ, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് നിർദേശിച്ചു. ഹർജികൾ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. 

ദൂരപരിധി പാലിക്കാനും ജനങ്ങളെ നിയന്ത്രിക്കാനും ആനകളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ജില്ലാ പൊലീസ് മേധാവി ശ്രമിച്ചതെന്നും സർക്കാർ അറിയിച്ചു. ഹെെക്കോടതിയുടെയും പെസ്സോയുടെയും വനംവകുപ്പിന്റെയും നിർദേശങ്ങളനുസരിച്ചാണ് പൂരദിനങ്ങളിൽ പൊലീസ് പ്രവർത്തിച്ചത്. വെടിക്കെട്ടിനായി 12,000 കിലോ സ്ഫോടകവസ്തു എത്തിച്ചിരുന്നു. എഴുന്നള്ളിപ്പിനടക്കം 90 ആനകളുണ്ടായിരുന്നു. കുടമാറ്റത്തിന് രണ്ടുലക്ഷം പേരും വെടിക്കെട്ടിന് ഒരുലക്ഷം പേരുമാണ് തടിച്ചുകൂടിയത്. ജനങ്ങളുടെ  സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ് 3500 ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. പൂരം  തയ്യാറെടുപ്പുകൾ സംബന്ധിച്ച് മാസങ്ങൾക്കുമുമ്പേ റവന്യുമന്ത്രിയുടെ സാന്നിധ്യത്തിലടക്കം യോഗങ്ങൾ നടത്തിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. പൂരദിനത്തിൽ ബാരിക്കേഡുകൾ വച്ച് ജനങ്ങളെ തടഞ്ഞു, ആനയ്ക്ക് തീറ്റയുമായെത്തിയ പാപ്പാന്മാ‌രെ തടഞ്ഞു, വെടിക്കെട്ട് തടസ്സപ്പെടുത്തി തുടങ്ങിയ പരാതികളിലും സമഗ്ര അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home