കേരളത്തിന്‌ വീണ്ടും അവ​ഗണന ; റെയില്‍വേ വികസനത്തിന്‌ ബിഹാറിനും ആന്ധ്രയ്‌ക്കും 6798 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 12:56 AM | 0 min read


ന്യൂഡൽഹി
ബിഹാറിലും ആന്ധ്രപ്രദേശിലുമായി 6798 കോടി രൂപയുടെ രണ്ട്‌ റെയിൽ പശ്ചാത്തലസൗകര്യ വികസനപദ്ധതികൾ നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 256 കിലോമീറ്റർ നീളത്തിൽ പാത ഇരട്ടിപ്പിക്കലാണ്‌ ബിഹാറിന്‌ അനുവദിച്ച പദ്ധതി. ആന്ധ്രപ്രദേശിൽ, ചന്ദ്രബാബു നായിഡു സർക്കാർ  പുതിയ തലസ്ഥാനമായി വികസിപ്പിക്കുന്ന അമരാവതിയെ ബന്ധിപ്പിച്ചുള്ള 57 കിലോമീറ്റർ പുതിയ റെയിൽപാതയ്‌ക്കാണ്‌ അനുമതി.

കേരളത്തിൽ ശബരി റെയിൽപാതയ്‌ക്കടക്കം പണം മുടക്കാൻ വിമുഖത കാട്ടുന്ന കേന്ദ്രസർക്കാരാണ്‌ ബിഹാറിലെയും ആന്ധ്രയിലെയും റെയിൽ പദ്ധതികൾക്കായി ആയിരക്കണക്കിന്‌ കോടികൾ മുടക്കുന്നത്‌. കേന്ദ്ര സർക്കാരിന്റെ നിലനിൽപ്പ്‌ ജെഡിയുവിന്റെയും ടിഡിപിയുടെയും നിർണായക പിന്തുണയിലാണെന്നതിലാണ്‌ ഇരുസംസ്ഥാനങ്ങൾക്കും നിർലോഭമായ സഹായം. നേരത്ത കേന്ദ്ര ബജറ്റിലും ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങൾക്കായി മുപ്പതിനായിരം കോടി രൂപയുടെ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

നർകടിയാഗഞ്ച്‌–-റക്‌സൗൾ–-സീതാമഡി–- ദർബംഗ പാതയും സീതാമഡി–- മുസഫർപുർ പാതയുമാണ്‌ ബിഹാറിൽ ഇരട്ടിപ്പിക്കുന്നത്‌. നേപ്പാൾ, വടക്കുകിഴക്കൻ ഇന്ത്യ, അതിർത്തി മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം കൂടുതൽ എളുപ്പമാക്കാൻ ബിഹാറിലെ 256 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ പദ്ധതി സഹായകമാകുമെന്ന്‌ റെയിൽവെ മന്ത്രി അശ്വനി വൈഷ്‌ണവ്‌ അവകാശപ്പെട്ടു.

ഖമ്മം, വിജയവാഡ, ഗുണ്ടൂർ ജില്ലകളിലൂടെ കടന്നുപോകുന്നതാണ്‌ അമരാവതിയെ ബന്ധിപ്പിച്ചുള്ള പുതിയ  റെയിൽപാത. പുതിയ പദ്ധതികൾ നടപ്പാക്കുന്നതോടെ ഇന്ത്യയുടെ റെയിൽശൃംഖല 313 കി.മീ കൂടി വിസ്‌തൃതമാകുമെന്നും അശ്വനി വൈഷ്‌ണവ്‌ പറഞ്ഞു. 25000 കോടി രൂപ മുതൽമുടക്കിൽ ഏഴ്‌ സംസ്ഥാനങ്ങളിലായി എട്ട്‌ റെയിൽപദ്ധതികൾക്ക്‌ ആഗസ്‌തിൽ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. അപ്പോഴും ശബരി റെയിൽപാതയടക്കം കേരളത്തിലെ പദ്ധതികൾ അവഗണിക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home