മലപ്പുറത്ത് രണ്ടിടത്ത് വാ​ഹനാപകടം; 4 യുവാക്കള്‍ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 11:19 PM | 0 min read

മലപ്പുറം > മലപ്പുറത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. കോഴിക്കോട്‌ -പാലക്കാട്‌ ദേശീയപാതയിൽ രാമപുരത്ത്‌ വ്യാഴാഴ്ച കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വേങ്ങര കൂരിയാട് പാക്കടപുറായ സ്വദേശി ഹസൻ ഫദൽ (19), സഹപാഠിയും ബന്ധുവുമായ ഇസ്മയിൽ ലബീബ് (19), ദേശീയപാത 66ൽ ബുധൻ രാത്രി ബൈക്ക് ഡിവൈഡറിലിടിച്ച് പാങ്ങ് പടപ്പറമ്പ് സ്വദേശി പാതാരി മുഹമ്മദ്‌ റനീസ് (20), അയൽവാസി മുരിങ്ങാതോടൻ നിയാസ് (19) എന്നിവരാണ് മരിച്ചത്.

ഇന്ന് പകൽ 3.30ന് രാമപുരം 38ൽ ഫാത്തിമ ക്ലിനിക്കിനുമുന്നിൽവച്ചാണ് ഹസൻ ഫദലും ഇസ്മയിൽ ലബീബും സഞ്ചരിച്ച സ്കൂട്ടറിൽ എതിരെവന്ന കെഎസ്ആർടിസി ബസ് ഇടിച്ചത്. വേങ്ങര കൂരിയാട് പാക്കടപുറായ ചെമ്പൻ ഹംസയുടെ മകനാണ് ഹസൻ ഫദല്‍. ഹംസയുടെ സഹോദരന്‍ ചെമ്പൻ സിദ്ദിഖിന്റെ മകനാണ് ഇസ്മയില്‍ ലബീബ്. അപകടത്തില്‍ ​ഗുരുതര പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 10ഓടെയാണ് ലബീബ് മരിച്ചത്. ഇരുവരും രാമപുരം ജെംസ് കോളേജിലെ ഒന്നാംവർഷ മൾട്ടിമീഡിയ വിദ്യാർഥികളാണ്. കോളേജ് വിട്ട് വരുമ്പോഴായിരുന്നു അപകടം. ഹസൻ ഫദലിന്റെ ഉമ്മ: റസിയ. സഹോദരങ്ങൾ: ഹാരിസ്, ഹയ്യാൻ, ഹസാന, നസ്രിയ. ഇസ്മയിൽ ലബീബിന്റെ ഉമ്മ: ഖൈറുന്നിസ. സഹോദരങ്ങൾ: ഉവൈസ്, മാഹിർ, സജബ്ന, ഉസ്ന.

റനീസും നിയാസും സഞ്ചരിച്ച ബൈക്ക് ഇന്നലെ രാത്രി 10.45ഓടെയാണ് തിരൂരങ്ങാടി പടിക്കലിൽവച്ച് ഡിവൈഡറിലിടിച്ചത്. കോഴിക്കോട് ബീച്ചിൽനിന്ന് വരികയായിരുന്നു. നാലുവരി പാതയിൽനിന്ന് സർവീസ് റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടം. റനീസ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും നിയാസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. ചട്ടിപ്പറമ്പ് വി എൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് റനീസ്. ബാപ്പ: ഫൈസൽ. ഉമ്മ: സജീറ. സഹോദരൻ: റമീസ്. പുഴക്കാട്ടിരിയിലെ പാരമ്പര്യ ചികിത്സാലയത്തിലെ ജീവനക്കാരനാണ് നിയാസ്. ബാപ്പ: മുഹമ്മദ്കുട്ടി. ഉമ്മ: സുലൈഖ. സഹോദരങ്ങൾ: നംഷിദ്, നസ്ല.



deshabhimani section

Related News

View More
0 comments
Sort by

Home