വെടിക്കെട്ട്‌: ശാസ്‌ത്രീയ മാഗസിൻ തൃശൂരിൽ മാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 11:19 AM | 0 min read

തൃശൂർ > വെടിക്കെട്ട്‌ പ്രദർശനത്തിന്‌ സാമഗ്രികൾ സൂക്ഷിക്കുന്നതിനായി പെസോയുടെ ലൈസൻസുള്ള ശാസ്‌ത്രീയ മാഗസിൻ രാജ്യത്ത്‌ തൃശൂരിൽ മാത്രം. പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ്‌ ദേവസ്വങ്ങൾക്ക്‌ മാത്രമാണ്‌ മാഗസിനുള്ളത്‌. തൃശൂർപൂരം വെടിക്കെട്ടിന്‌ വടക്കുന്നാഥ ക്ഷേത്ര മതിൽക്കെട്ടിനോട്‌ ചേർന്നാണ്‌ ഇരു വിഭാഗവും മാഗസിൻ നിർമിച്ചിട്ടുള്ളത്‌. നൂറുകൊല്ലത്തോളം ഇതിന്‌ പഴക്കമുണ്ട്‌. രണ്ടടി വീതിയിൽ കരിങ്കല്ല്‌ ഭിത്തിയിലാണ്‌ നിർമാണം. സാമഗ്രികൾ സൂക്ഷിക്കാൻ ശാസ്‌ത്രീയ സംവിധാനങ്ങളുമുണ്ട്‌.

പാറമേക്കാവിന്റെ മാഗസിൻ വിദ്യാർഥി കോർണറിനോട്‌ ചേർന്നാണ്‌. ഈ വിഭാഗത്തിന്റെ കൂട്ടപ്പൊരിച്ചിൽ തേക്കിൻകാട്‌ മൈതാനിയിൽ രാഗം ഹോട്ടലിന്‌ മുന്നിലാണ്‌. അന്നദാന മണ്ഡപത്തിനടുത്താണ്‌ തിരുവമ്പാടിയുടെ മാഗസിൻ. തേക്കിൻകാട്‌ മൈതാനിയിൽ ഏറെ അകലെ തിരുവമ്പാടി കോംപ്ലക്‌സിന്റെ മുന്നിലാണ്‌ കൂട്ടപ്പൊരിച്ചിൽ. അതിനാൽ കൃത്യമായ അകലം പാലിക്കുന്നുണ്ട്‌.

തൃശൂർ പൂരത്തിന്‌ പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, സാമ്പിൾ വെടിക്കെട്ട്‌, പകൽ വെടിക്കെട്ട്‌ എന്നിങ്ങനെയാണ്‌ നടക്കുക. ഈ വെടിക്കെട്ടുകൾക്ക്‌ 2000 കിലോവീതം എന്ന കണക്കിൽ 6000 കിലോ സാമഗ്രികൾ സൂക്ഷിക്കാനാണ്‌ ഇരുവിഭാഗത്തിനും അനുമതി. ഓരോ വെടിക്കെട്ടിനും മുന്നോടിയായി 2000 കിലോ വീതം സാമഗ്രികൾ എത്തിക്കും. തിരികൊളുത്തുന്നതിന്‌ മുമ്പായി ഇവ മൈതാനിയിൽ കുഴികളിൽ നിറയ്‌ക്കും. പൂരം വെടിക്കെട്ട്‌ സമയത്ത്‌ മാഗസിൻ കാലിയാണ്‌. എന്നിട്ടും പുതിയ നിബന്ധനയിൽ മാഗസിനും ഫയർലൈനും തമ്മിലുള്ള അകലം 45 മീറ്ററിന്‌ പകരം 200 മീറ്ററാക്കി മാറ്റി. ഇതോടെ വെടിക്കെട്ട്‌ നടത്താനാവാത്ത സ്ഥിതിയാണ്‌.

മാഗസിനിൽനിന്ന്‌ സാധനങ്ങൾ മാറ്റുന്നത്‌ വിഡിയോകളിൽ പകർത്തുന്നുണ്ട്‌. വെടിക്കെട്ട്‌ സാമഗ്രികളുടെ സാമ്പിൾ റവന്യൂ, പൊലീസ്‌, ഫയർ വിഭാഗങ്ങളുടെ സാമ്പിൾ പരിശോധനയ്‌ക്ക്‌ വിധേയമാക്കും. നിരോധിത വസ്‌തുക്കൾ ഇല്ലെന്ന്‌ ഉറപ്പാക്കും. ഇത്തരത്തിൽ ഏറെ ശാസ്‌ത്രീയമായാണ്‌ തൃശൂരിൽ വെടിക്കെട്ട്‌ നടത്തുന്നത്‌. എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ  നിർദേശങ്ങൾമൂലം പൂരം വെടിക്കെട്ട്‌ നടത്താനാവാത്ത സ്ഥിതിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home