പിഎസ്‌സി ഓൺലെെൻ അപേക്ഷ ; ഭിന്നശേഷിക്കാർക്ക്‌ സേവനകേന്ദ്രങ്ങൾ ഒരുക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 02:12 AM | 0 min read


കൊച്ചി
പിഎസ്‌സി ഓൺലൈൻ അപേക്ഷാപ്രക്രിയയുടെ സങ്കീർണതയും സാങ്കേതികതയും കാഴ്ചപരിമിതർ അടക്കമുള്ള ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഹൈക്കോടതി. ഇവർക്കുവേണ്ടി സേവനകേന്ദ്രങ്ങൾ ഒരുക്കാൻ സർക്കാരിനും പിഎസ്‌സിക്കും ബാധ്യതയുണ്ടെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് പി എം മനോജും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ  ഉത്തരവിനെതിരെ പിഎസ്‌സി സമ‌ർപ്പിച്ച അപ്പീൽ തള്ളിയാണ് ഹൈക്കോടതി നിർദേശം.

യുപി അധ്യാപിക തസ്തികയിലേക്കുള്ള അപേക്ഷയിൽ ‘കെടെറ്റ്' സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ വൈകിയെന്ന്‌ ചൂണ്ടിക്കാട്ടി കാഴ്ചപരിമിതയായ കോട്ടയം സ്വദേശിനിയുടെ അപേക്ഷ 2020ൽ പിഎസ്‌സി നിരസിച്ചിരുന്നു. ഇത് തന്റെ പരിമിതികളുടെ പേരിലുള്ള വിവേചനമാണെന്ന് കാണിച്ച് ഉദ്യോഗാർഥി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു.  മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാനായിരുന്നു ഉത്തരവ്. ഇതിനെതിരെയാണ് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാർ സംവിധാനങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും കാഴ്ചയുള്ളവർക്കായി തയ്യാറാക്കിയതാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കാഴ്ചപരിമിതിയുള്ളവർക്കും അത് പ്രാപ്യമാകാൻ പരസഹായം വേണം. അവരുടെ വിഷമതകൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ നമ്മളും അന്ധരായി മാറും. അതിനാൽ സർക്കാരോ പിഎസ്‌സിയോ മുൻകൈയെടുത്ത് പ്രത്യേക സേവനകേന്ദ്രങ്ങൾ സജ്ജമാക്കുമെന്നാണ് പ്രതീക്ഷയെന്നും ഹൈക്കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home