ക്രിസ്‌മസ്‌ പുതുവർഷ സമ്മാനമായി വിഴിഞ്ഞം കമീഷനിങ്‌ ; ഇതുവരെ എത്തിയത്‌ 
34 കപ്പൽ , 75000 കണ്ടെയ്‌നർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 01:15 AM | 0 min read


തിരുവനന്തപുരം
ക്രിസ്‌മസ്‌–-പുതുവത്സരസമ്മാനമായി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ലോകത്തിന്‌ സമർപ്പിക്കും. ഒന്നാംഘട്ടം പൂർത്തിയാകുന്നതോടെയാണ്‌ കമീഷനിങ്‌. ഡിസംബർ മൂന്നിനകം വാണിജ്യപ്രവർത്തനം ആരംഭിക്കണം എന്നാണ്‌ നിർമാണവും നടത്തിപ്പും നിർവഹിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടുമായുള്ള കരാർ. തുറമുഖത്തിന്റെ രണ്ടുമുതൽ നാലുവരെയുള്ള ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കും. ഇതോടെ സമ്പൂർണ തുറമുഖം യാഥാർഥ്യമാകും. 

തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 11 മുതൽ നടക്കുകയാണ്‌. ഇതുവരെ 34 ചരക്കുകപ്പലെത്തി. ഇതിൽനിന്നായി 75,000ലധികം കണ്ടെയ്‌നർ കൈകാര്യം ചെയ്തു. മാർച്ച്‌ 31വരെയുള്ള കാലയളവിൽ 75,000 കണ്ടെയ്‌നർ കൈകാര്യം ചെയ്യാനാണ്‌ ലക്ഷ്യമിട്ടത്‌. മൂന്നരമാസത്തിനകം ലക്ഷ്യം പൂർത്തിയാക്കി. നിലവിലെ സ്ഥിതിതുടർന്നാൽ ഡിസംബർ ആകുമ്പോൾ ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്യാനാകും. കണ്ടെയ്‌നർ തുറമുഖത്ത്‌ ഇറക്കിയതിലും കയറ്റിയതിലുമായി അഞ്ചുകോടിയലധികം രൂപ നികുതിയായി സർക്കാരിന്‌ ഇതിനകം ലഭിച്ചു.

ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഓരോ ചരക്ക്‌ കപ്പലുകൾകൂടി വിഴിഞ്ഞത്ത്‌ എത്തും. മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിയുടെ (എംഎസ്‌സി) കപ്പലുകളാണിവ. ഏറ്റവും വലിയ ഷിപ്പിങ്‌ കമ്പനിയായ എംഎസ്‌സിയുടെ കപ്പലുകളാണ്‌ വന്നതിൽ കൂടുതൽ. രാജ്യത്തെ ഏക ഓട്ടോമാറ്റിക്‌ തുറമുഖമായ വിഴിഞ്ഞത്തുനിന്ന്‌ ട്രാൻസ്‌ഷിപ്പ്‌മെന്റ്‌ കുറഞ്ഞസമയത്തിനകം പൂർത്തിയാക്കാമെന്നത്‌ കമ്പനികൾക്ക്‌ നേട്ടമായി. ഇതാണ്‌ കൂടുതൽ കപ്പലുകളെ ആകർഷിക്കുന്നത്‌.   
എംഎസ്‌സിയുടെ വമ്പൻകപ്പലായ ക്ലോഡ്‌ ഗിറാഡെറ്റ്‌ എത്തിയിരുന്നു. ഇതിന്‌ 399 മീറ്റർനീളവും 61.5 മീറ്റർ വീതിയുമുണ്ട്‌. ഡ്രാഫ്‌റ്റ്‌ 16.7 മീറ്ററാണ്‌. ദക്ഷിണേഷ്യയിൽ ആദ്യമായിരുന്നു കപ്പലിന്റെ ബെർത്തിങ്‌. എംഎസ്‌സി അന്നയിൽ 10,000 കണ്ടെയ്‌നർ കൈകാര്യം ചെയ്തിരുന്നു.

511 ജീവനക്കാർ
വിഴിഞ്ഞം തുറമുഖത്ത്‌ വിവിധവിഭാഗങ്ങളിൽപ്പെട്ട 511 പേർക്ക്‌ സ്ഥിരം ജോലി നൽകി. 280പേർ വിഴിഞ്ഞത്തോ പരിസരപ്രദേശങ്ങളിലോ ഉള്ളവരാണ്‌. ആകെ ജീവനക്കാരിൽ 56 ശതമാനം തിരുവനന്തപുരത്തുകാരാണ്‌. കമീഷനിങ്‌ ചെയ്യുമ്പോൾ ഇത്‌ കൂടും.
 



deshabhimani section

Related News

View More
0 comments
Sort by

Home