ഷാഫി ‘ഷോ’ വേണ്ടെന്ന്‌ കെപിസിസി ; പാർടിയെ രണ്ടാമതാക്കിയ ഷാഫിയുടെ നടപടിക്കെതിരെ പാലക്കാട്‌ ഡിസിസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 11:46 PM | 0 min read


പാലക്കാട്‌
പാലക്കാട്‌ മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥിയായി രാഹുലിനെ പരിചയപ്പെടുത്തി, ഷാഫി പറമ്പിൽ കൂടുതൽ ‘ഷോ’ കാണിക്കേണ്ടെന്ന്‌ കെപിസിസി. പ്രചാരണം ഒറ്റയ്‌ക്ക്‌ ഏറ്റെടുത്തും തന്റെ സ്വന്തം സ്ഥാനാർഥിയെന്ന്‌ പ്രവർത്തകരോട്‌ പറഞ്ഞും പാർടിയെ രണ്ടാമതാക്കിയ ഷാഫിയുടെ നടപടിക്കെതിരെ പാലക്കാട്‌ ഡിസിസി പരാതി നൽകി. ഇക്കാര്യത്തിൽ കെപിസിസിയും കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു.

ജില്ലാ നേതൃത്വത്തെ അറിയിക്കാതെയാണ്‌ സ്ഥാനാർഥിയുടെ പര്യടനം തീരുമാനിക്കുന്നതെന്ന്‌ നേതാക്കൾക്ക്‌ പരാതിയുണ്ട്‌. ഫണ്ട്‌ സമാഹരണം ഷാഫി ഒറ്റയ്‌ക്ക്‌ നടത്തുന്നതായും ഡിസിസി നേതാക്കൾ പരാതിപ്പെട്ടു. തുടർന്നാണ്‌ ഷാഫിയെ നിയന്ത്രിക്കാൻ കെപിസിസി നിർബന്ധിതമായത്‌. കെപിസിസി താക്കീത്‌ ചെയ്‌തുവെന്ന വാർത്ത യുഡിഎഫ്‌ കൺവൻഷനിൽ ഷാഫി നിഷേധിച്ചു.  ജില്ലാ നേതൃത്വത്തെ നോക്കുകുത്തിയാക്കേണ്ടെന്നും രാഹുൽ പാലക്കാട്ടുവന്ന്‌ ഷോ കാണിക്കേണ്ടെന്നും ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ തുറന്നടിച്ചു. വി കെ ശ്രീകണ്‌ഠൻ എംപിക്കും ഇതേ നിലപാടാണ്‌.

നേതൃത്വത്തിനെതിരെ ഡോ. പി സരിൻ, യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്‌ എന്നിവർ വാർത്താസമ്മേളനം നടത്തിയപ്പോൾ ജില്ലാനേതൃത്വം പ്രതികരിക്കുംമുമ്പ്‌ ഷാഫി മാധ്യമപ്രവർത്തകരെ കണ്ടത്‌ അനുചിതമായെന്നും ഡിസിസിയോട്‌ ആലോചിക്കാതെയാണെന്നും പരാതി ഉയർന്നിരുന്നു. രാഹുൽ തന്റെ സ്ഥാനാർഥിയാണെന്ന ഷാഫിയുടെ പ്രചാരണം പിന്തുടർച്ചാവകാശമെന്ന ആക്ഷേപം ശരിവയ്‌ക്കുന്നതാണെന്ന്‌ നേതാക്കളിൽ ചിലർ പറയുന്നു. ഇത്തരം പ്രവർത്തനം നിർത്തണമെന്ന്‌ ഡിസിസി നിർദേശിച്ചെങ്കിലും ഷാഫി വഴങ്ങിയിട്ടില്ല.
 



deshabhimani section

Related News

View More
0 comments
Sort by

Home