പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡ് കത്തിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 12:16 PM | 0 min read


പാലക്കാട്‌
പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കലാപക്കൊടി ഉയർത്തിയ ശോഭ സുരേന്ദ്രൻ പക്ഷത്തിനെതിരെ ബിജെപി ഔദ്യോഗിക നേതൃത്വം തുറന്ന യുദ്ധത്തിന്‌. നഗരസഭാ ഓഫീസിനുമുന്നിൽ ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്‌ത്‌ സ്ഥാപിച്ച ഫ്ലക്‌സ്‌ ബോർഡിന്‌ തീയിട്ടത്‌ പോരിന്‌ ആക്കംകൂട്ടി.
 ബിജെപിയുടെ 137 ജില്ലാ ഭാരവാഹികളിൽ 33 പേർ മാത്രം പങ്കെടുത്ത യോഗത്തിലാണ്‌ സി കൃഷ്‌ണകുമാറിനെ സ്ഥാനാർഥിയാക്കിയത്‌. ഈ തീരുമാനത്തിന്‌ ഭൂരിപക്ഷ പിന്തുണ കിട്ടിയെന്നുവരുത്തി ദേശീയ നേതൃത്വത്തിന്‌ കുമ്മനം രാജശേഖരൻ കത്ത്‌ നൽകിയെന്നായിരുന്നു ശോഭ പക്ഷത്തിന്റെ ആരോപണം. അതേസമയം, ബിജെപിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ്‌ ഫ്ലക്‌സ്‌ കത്തിച്ചതിന്‌ പിന്നിലെന്നും ഇത്‌ ചെയ്‌തവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്‌ ജില്ലാ പ്രസിഡന്റ്‌ കെ എം ഹരിദാസ്‌ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകി.

ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന്‌ ഒരുവിഭാഗം പ്രവർത്തകർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കെ സുരേന്ദ്രന്റെ അടുത്തയാളായ സി കൃഷ്‌ണകുമാറാണ്‌ സ്ഥാനാർഥിയായത്‌. ശോഭയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ്‌ ഭൂരിഭാഗം പ്രവർത്തകരും പ്രധാനയോഗങ്ങളിൽനിന്ന്‌ വിട്ടുനിന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന കമ്മിറ്റിയിൽനിന്ന്‌ പൂർണമായും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്‌ കഴിഞ്ഞദിവസം പാലക്കാട്ട്‌ ചേർന്ന  സംഘടനായോഗവും ശോഭ പക്ഷം ബഹിഷ്‌കരിച്ചിരുന്നു.

70 പേർ പങ്കെടുക്കേണ്ട യോഗത്തിന്‌ എത്തിയത്‌ 21 ആളുകൾ മാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ വെട്ടിച്ചതിനെക്കുറിച്ച്‌ കൃത്യമായ മറുപടി നൽകാത്ത ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെയും ശോഭ പക്ഷം വിമർശിച്ചു. ഇത്‌ ആയുധമാക്കിയാണ്‌ കൃഷ്‌ണകുമാറിന്റെ പേര്‌ നിർദേശിച്ചതെന്നും ആരോപണമുയർന്നു. കൃഷ്‌ണകുമാറിനെ സ്ഥാനാർഥിയാക്കിയതിനെതിരെ ദേശീയ സമിതിഅംഗം എൻ ശിവരാജനും  നേരത്തെ രംഗത്തെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home