സീറോ ബാബുവിന്റെ സംഗീതം നിലച്ചിട്ട് നാലാണ്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 09:05 AM | 0 min read

മട്ടാഞ്ചേരി > അഭിനയവും സംഗീതവും സമന്വയിപ്പിച്ച കലാകാരൻ സീറോ ബാബു എന്ന കെ ജെ മുഹമ്മദ് ബാബു വിടവാങ്ങിയിട്ട് നാലുവർഷം. പി ജെ തീയറ്റേഴ്സിന്റെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ "ഓപ്പൺ സീറോ വന്നുകഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ’ എന്ന പാട്ടാണ് മുഹമ്മദ് ബാബുവിനെ സീറോ ബാബുവാക്കിയത്. ഇതേ നാടകത്തിലാണ്‌ അദ്ദേഹം അഭിനയിച്ച്‌ പാടി തുടങ്ങിയത്‌.

പത്താം വയസിൽ സ്ത്രീശബ്ദവുമായാണ് ബാബു സംഗീതലോകത്തേക്ക് വരുന്നത്. ‘ആവാര’ ഹിന്ദി ചിത്രത്തിൽ ലതാമങ്കേഷ്കർ പാടിയ ‘ആ ജാവോ തഡപ്തേ ഹേ അർമാൻ’ ഗാനം നിരവധി സ്റ്റേജുകളിൽ പാടി. കാർണിവൽ പരിപാടികളുടെ ഇടവേളകളിൽ പാടിയാൽ ഒരുദിവസം ലഭിക്കുന്നത്‌ അഞ്ചുരൂപയാണ്‌. തമിഴ് ഹിറ്റ്‌ ഗാനങ്ങളായിരുന്നു ബാബുവിന്റെ തുറുപ്പുചീട്ട്. മത്തായി മാഞ്ഞൂരാന്റെ കേരള സോഷ്യലിസ്റ്റ് പാർടിക്കായി വിപ്ലവഗാനങ്ങൾ പാടിയതും സീറോ ബാബുവാണ്‌.

‘കുടുംബിനി’ സിനിമയിലാണ്‌ ആദ്യം പാടിയത്. സുബൈദ, അവൾ, ഇത്തിക്കരപ്പക്കി, വിസ, പോർട്ടർ കുഞ്ഞാലി, ഖദീജ, ചൂണ്ടക്കാരി, ഭൂമിയിലെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലും പാടി. കുറുക്കന്റെ കല്യാണം, മറക്കില്ലൊരിക്കലും ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവഹിച്ചു. കാബൂളിവാലയാണ് അവസാനമായി അഭിനയിച്ച സിനിമ. കേരള സംഗീതനാടക അക്കാദമി അവാർഡും ലഭിച്ചു. ആതിക്കയാണ് ഭാര്യ. സബിത, സൂരജ്, സുൽഫി, ദീപ എന്നിവരാണ് മക്കൾ. സീറോ ബാബു മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന്‌ സീറോ ബാബു അനുസ്മരണവും സംഗീതരാവും ഒരുക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home