തട്ടിക്കൂട്ട്‌ തെരഞ്ഞെടുപ്പ്‌ സമിതി യോഗം; രാഹുൽ വന്നത്‌ വളഞ്ഞ വഴിയിൽ; 
കോൺഗ്രസിൽ അതൃപ്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 12:30 AM | 0 min read

തിരുവനന്തപുരം> കെപിസിസി തെരഞ്ഞെടുപ്പ്‌ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുക്കാതെ യോഗം ചേർന്നെന്നുവരുത്തി പാലക്കാട്‌, ചേലക്കര ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ്‌ സ്ഥാനാർഥികളെ തീരുമാനിച്ചതിൽ മുതിർന്ന നേതാക്കൾക്ക്‌ അതൃപ്തി. വി ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന്‌ സീറ്റുറപ്പിക്കാനാണ്‌ വളഞ്ഞവഴി സ്വീകരിച്ചതെന്ന്‌ വ്യക്തമായി. തെരഞ്ഞെടുപ്പായതിനാൽ അഭിപ്രായം പരസ്യമാക്കാൻ പല നേതാക്കളും മടിക്കുകയാണ്‌. നേതൃത്വത്തിന്റെ വീഴ്‌ചകൾ പറയേണ്ടത്‌ ഇപ്പോഴല്ല എന്നായിരുന്നു ഞായറാഴ്‌ച കെ മുരളീധരൻ പ്രതികരിച്ചത്‌. സ്ഥാനാർഥി നിർണയത്തിലുള്ള വിയോജിപ്പുകൂടിയാണ്‌ മുരളീധരൻ പരസ്യമാക്കിയത്‌.

വടകര ലോക്‌സഭാ മണ്ഡലത്തിൽ ഷാഫി പറമ്പിലിനെ സ്ഥാനാർഥിയാക്കിയപ്പോൾ തന്നെ പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലാകും മത്സരിക്കുകയെന്ന്‌ ചർച്ചയുയർന്നിരുന്നു. ജില്ലയിൽനിന്നുള്ളയാൾ സ്ഥാനാർഥിയാകണമെന്ന്‌ പാലക്കാട്‌ ഡിസിസിയും പ്രാദേശിക നേതാക്കളും വാദിച്ചു. എന്നാൽ,  രാഹുൽ മാങ്കൂട്ടത്തിലല്ലാതെ മറ്റൊരാൾ സ്ഥാനാർഥി ആയാൽ താൻ പ്രചരണത്തിനുണ്ടാകില്ലെന്നും ഫണ്ട്‌ കണ്ടെത്താൻ സഹായിക്കില്ലെന്നും ഷാഫി പറമ്പിൽ ഭീഷണിയുയർത്തി. ജയസാധ്യതയില്ലാത്ത സ്ഥാനാർഥിയാണെന്ന മുതിർന്ന നേതാക്കളുടെ പോലും അഭിപ്രായത്തെ അവഗണിച്ച്‌ രാഹുൽ തന്നെ വേണമെന്ന വാശിയിൽ സതീശനും ഷാഫിക്കൊപ്പം നീങ്ങി.

കെപിസിസി നേതൃയോഗത്തിലും രാഹുലിനെ സ്ഥാനാർഥിയാക്കരുതെന്ന അഭിപ്രായമുയർന്നിരുന്നു. ഇത്‌ മറികടക്കാനാണ്‌ നേതൃയോഗത്തിന്റെ പിറ്റേദിവസം തിരുവനന്തപുരത്ത്‌ തെരഞ്ഞെടുപ്പ്‌ സമിതി വിളിച്ചത്‌. 36 അംഗങ്ങളുള്ള കെപിസിസി തെരഞ്ഞെടുപ്പ്‌ സമിതിയിൽ ബഹുഭൂരിഭാഗവും യോഗത്തിനെത്തിയില്ല. ക്വാറം തികയാൻ പോലും ആളില്ലാത്തതിനാൽ ഡിസിസി ഭാരവാഹികളെ ഓരോരുത്തരെയായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കണ്ടു. സ്ഥാനാർഥിയെ നിശ്ചയിക്കാൻ തെരഞ്ഞെടുപ്പ്‌ സമിതി ഇരുവരെയും ചുമതലപ്പെടുത്തിയെന്ന്‌ പറഞ്ഞ്‌ ഏകപക്ഷീയമായി സ്ഥാനാർഥികളെ അടിച്ചേൽപ്പിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home