Deshabhimani

"കെെ'വിട്ട് നേതാക്കൾ; സംഘപരിവാർബന്ധം വെളിപ്പെടുത്തി യുവനിര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 12:07 AM | 0 min read

തിരുവനന്തപുരം> ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ പാർടിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം തടുക്കാനാകാതെ സംസ്ഥാന കോൺഗ്രസ്‌ നേതൃത്വം. ബിജെപി ഡീൽ, വി ഡി സതീശനും ഷാഫി പറമ്പിലും ചേർന്നുനടത്തുന്ന അട്ടിമറികൾ, ഒരു സമുദായത്തോടുള്ള  അവഗണന തുടങ്ങിയ വിഷയങ്ങളാണ്‌ കോൺഗ്രസ്‌ വിടുന്ന യുവാക്കൾ തുറന്നടിക്കുന്നത്‌. കോൺഗ്രസിലെ ഈ കോക്കസിനെതിരെ കലാപക്കൊടി ഉയർത്തുന്ന യുവാക്കൾക്കൊപ്പമാണ്‌ പാലക്കാട്‌ ഡിസിസിയിലെ വലിയൊരു വിഭാഗം.

പാലക്കാട്‌ എൽഡിഎഫ്‌ സ്വതന്ത്രനായി മത്സരിക്കുന്ന കെപിസിസി ഡിജിറ്റൽ മീഡിയ മുൻ കൺവീനർ ഡോ. പി സരിൻ ആണ്‌ സതീശൻ–-ഷാഫി സംഘം  ആർഎസ്‌എസുമായുണ്ടാക്കിയ ‘ഡീൽ’ പുറത്തുവിട്ടത്‌. കെ മുരളീധരനെ മാറ്റി ഷാഫിയെ വടകരയിലെത്തിച്ചതിലെ സംഘപരിവാർ ബന്ധമാണ്‌  സരിൻ വെളിപ്പെടുത്തിയത്‌.  സതീശൻ  ആർഎസ്‌എസുമായി നീക്കുപോക്ക്‌ നടത്തിയെന്നും കോൺഗ്രസിനെ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്നുവെന്നുമാണ്‌ ശനിയാഴ്‌ച യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ എ കെ ഷാനിബ്‌ തുറന്നുപറഞ്ഞത്‌.

സരിന്റേയോ ഷാനിബിന്റേയോ വെളിപ്പെടുത്തലുകൾക്ക്‌ കൃത്യമായി മറുപടി പറയാൻ നേതൃത്വത്തിന്‌ കഴിഞ്ഞിട്ടില്ല. ഷാനിബ്‌ വാർത്താസമ്മേളനം നടത്തുമ്പോൾത്തന്നെ ചില കോൺഗ്രസ്‌ നേതാക്കൾ  ഫോണിൽ വിളിച്ച്‌ ഷാനിബിനെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഒപ്പം നിന്നില്ലെങ്കിൽ എത്ര നല്ല നേതാവായാലും സമ്മർദംകൊണ്ട്‌ ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്ന അതീവഗുരുതരമായ അവസ്ഥയുണ്ടെന്നും തൃത്താല തിരുമിറ്റക്കോട്ടെ രാജേഷ്‌ എന്ന നേതാവിന്റെ ദാരുണ അനുഭവം ഉദാഹരിച്ച്‌ ഷാനിബ്‌ പറഞ്ഞു.

ഇതിനുപിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഡിസിസി ജനറൽ സെക്രട്ടറി ടി വൈ ഷിഹാബുദീനും രംഗത്ത് എത്തി. ഇതോടെ കൂടുതൽ പേർ കോൺഗ്രസ്‌ വിടുമെന്നുറപ്പായി. 



deshabhimani section

Related News

0 comments
Sort by

Home