സ്‌കൂൾ കലോത്സവം ; ഒരു വിദ്യാർഥിക്ക്‌ 5 മത്സരം , മാന്വൽ ഭേദഗതി ഇത്തവണയില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 12:59 AM | 0 min read


തിരുവനന്തപുരം
അറബിക്‌ സാഹിത്യോത്സവത്തിലും സംസ്‌കൃത കലോത്സവത്തിലും ഉൾപ്പെടെ സ്‌കൂൾ കലോത്സവത്തിൽ ഒരു വിദ്യാർഥിക്ക്‌ മത്സരിക്കാവുന്ന ഇനങ്ങളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയത്‌ ഈ വർഷം നടപ്പാക്കില്ല. മുൻ വർഷങ്ങളിലേത്‌ പോലെ വിദ്യാർഥികൾക്ക്‌ മത്സരങ്ങളിൽ പങ്കെടുക്കാം. പരിഷ്‌കരിച്ച പുതിയ മാന്വൽ പ്രസിദ്ധീകരിക്കുന്നതിന്‌ മുമ്പ്‌ ഉപജില്ലാ മത്സരങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ്‌ ഈ അധ്യയന വർഷം തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കിയത്‌.

പരിഷ്‌കരിച്ച മാന്വവൽ പ്രകാരം ഒരു മത്സരാർഥിക്ക്‌ വ്യക്തിഗത ഇനത്തിൽ പരമാവധി മൂന്ന്‌ എണ്ണത്തിലും ഗ്രൂപ്പ്‌ ഇനത്തിൽ രണ്ട്‌ എണ്ണത്തിലും മാത്രമാണ്‌ മത്സരിക്കാനാകുക. മുൻ വർഷങ്ങളിൽ അറബിക്‌ സാഹിത്യോത്സവത്തിലും സംസ്‌കൃത കലോത്സവത്തിലും മത്സരിക്കുന്ന വിദ്യാർഥികൾക്ക്‌ പൊതുവിഭാഗത്തിൽ അഞ്ച്‌ ഇനങ്ങളിൽക്കൂടി മത്സരിക്കാമായിരുന്നു. പഴയ മാന്വൽ പ്രകാരം ഉപജില്ലാ മത്സരങ്ങൾ ഉൾപ്പെടെ നടന്ന സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ ആവശ്യമുയർന്നിരുന്നു.

അതേസമയം പുതിയ മാന്വലിൽ അഞ്ച്‌ ഗോത്രകലകൾ മത്സര ഇനമായി ഉൾപ്പെടുത്തിയത്‌ ഈ വർഷം തന്നെ നടപ്പിലാക്കും. മംഗലം കളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിവയാണ്‌ ഉൾപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home