‘വളഞ്ഞ വഴി’ വീണ്ടും 
ചർച്ചയാകുന്നു ; പൊട്ടിത്തെറിയിൽ പുറത്തുവരുന്നത്‌ പിന്നാമ്പുറ കഥകളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 01:50 AM | 0 min read


തിരുവനന്തപുരം
പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ പുറത്തുവരുന്നത്‌ രമേശ്‌ ചെന്നിത്തലയെ അട്ടിമറിച്ച്‌ പ്രതിപക്ഷ നേതൃസ്ഥാനം വി ഡി സതീശൻ തട്ടിയെടുത്തതിന്റെ പിന്നാമ്പുറ കഥകളും. പാലക്കാട്‌ വാർത്താസമ്മേളനം നടത്തിയ ഡോ. പി സരിനാണ്‌ സതീശൻ അട്ടിമറിയിലൂടെ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയ വിവരം ഉന്നയിച്ചത്‌. ഇതോടെ പ്രതിപക്ഷ നേതൃസ്ഥാന ചർച്ച കോൺഗ്രസിനുള്ളിൽ വീണ്ടും ചർച്ചയാവുകയാണ്‌. കഴിഞ്ഞ നിയസമസഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റാണ്‌ കോൺഗ്രസിന്‌ ലഭിച്ചത്‌. തെരഞ്ഞെടുപ്പിനുശേഷം ഹൈക്കമാൻഡ്‌ നിരീക്ഷകനായിരുന്ന മല്ലികാർജുൻ ഖാർഗെ എംഎൽഎമാരുമായി കൂടിക്കാഴ്‌ച നടത്തി. 13 എംഎൽഎമാരുടെ പിന്തുണ രമേശ്‌ ചെന്നിത്തലയ്‌ക്കായിരുന്നു. ഏഴ്‌ പേരുടെ പിന്തുണ സതീശനും. കൂടിക്കാഴ്‌ച കഴിഞ്ഞ്‌ ഖാർഗെ ഡൽഹിയിലേക്ക്‌ മടങ്ങി. നേരിട്ടുള്ള കൂടിക്കാഴ്‌ചയിൽ പിന്തുണച്ച ചില എംഎൽഎമാർ ഇമെയിൽ മുഖാന്തിരം വി ഡി സതീശന്‌ പിന്തുണ നൽകിയെന്നാണ്‌ ഹൈക്കമാൻഡ്‌ പിന്നീട്‌ അവശകാശപ്പെട്ടത്‌. തുടർന്നാണ്‌ ഹൈക്കമാൻഡ്‌ സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്‌.

എ, ഐ ഗ്രൂപ്പുകളുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ്‌ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതെന്ന്‌ അന്നേ സംസാരമുണ്ടായിരുന്നു. ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളുടെ പിന്തുണയും സതീശനുണ്ടായിരുന്നില്ല. മന്ത്രിസ്ഥാനത്ത്‌ പോലും ഇല്ലാതിരുന്നയാൾ പ്രതിപക്ഷ നേതാവാകരുതെന്ന നിർദേശമായിരുന്നു ഉമ്മൻചാണ്ടി മുന്നോട്ടുവെച്ചത്‌. എന്നാൽ, പ്രതിപക്ഷ നേതൃസ്ഥാനത്ത്‌ പുതുമുഖം വേണമെന്ന രാഹുൽഗാന്ധിയുടെ നിർദേശംകൂടി വന്നതോടെ കേരളത്തിൽ നിന്നുള്ള നേതാക്കൾ നിശബ്ദരായി.

കേന്ദ്രനേതൃത്വവുമായുള്ള കൂടിക്കാഴ്‌ചയിൽ സതീശനെ പിന്തുണയ്‌ക്കാതിരുന്ന എംഎൽഎമാർ പിന്നീട്‌ ഇമെയിൽ വഴി അഭിപ്രായം അറിയിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന്‌ കോൺഗ്രസിനുള്ളിൽ ചർച്ച ഉയർന്നിരുന്നു. ഇക്കാര്യമാണ്‌ പി സരിൻ വാർത്താസമ്മേളനത്തിൽ വീണ്ടും ഉന്നയിച്ചിരിക്കുന്നത്‌. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കുമെന്ന സൂചനകളുമുണ്ട്‌.



deshabhimani section

Related News

0 comments
Sort by

Home