യാത്രക്കാരിക്ക് ചുമത്തിയ പിഴ അധികമായി; റെയിൽവേയ്ക്ക് 10,000 രൂപ നഷ്ടപരിഹാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 08:04 PM | 0 min read

മലപ്പുറം > യാത്രക്കാരിയിൽ നിന്നും അധിക പിഴ ഈടാക്കിയെന്ന പരാതിയിൽ റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്.​ മലപ്പുറം ജില്ല ഉപഭോക്തൃ കമീഷ​​​​​​ന്‍റേതാണ് വിധി. നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായ മുള്ളമ്പാറ സ്വദേശി കാടൻതൊടി ഹിതക്കാണ് അനുകൂലമായ വിധിയുണ്ടായത്.

രാജ്യറാണി എക്സ്പ്രസിൽ വാണിയമ്പലത്തു നിന്നും കയറിയ ഹിതയുടെ പക്കൽ അങ്ങാടിപ്പുറത്തുനിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാൽ യാത്രാടിക്കറ്റാണ് ഉണ്ടായിരുന്നത്. വാണിയമ്പലത്തു നിന്ന് ടിടിഇ ടിക്കറ്റ് പരിശോധിച്ചപ്പോൾ അങ്ങാടിപ്പുറം മുതലുള്ള ടിക്കറ്റാണ് ഇവരുടെ കയ്യിലുള്ളതെന്ന് കണ്ടെത്തി. തുടർന്ന്, മതിയായ ടിക്കറ്റ് ഇല്ലാത്തതിനാൽ പിഴയായി 250 രൂപയും ട്രെയിൻ പുറപ്പെട്ട നിലമ്പൂരിൽ നിന്നും ടിക്കറ്റ് പരിശോധന നടക്കുന്നത് വരേക്കും ഉള്ള യാത്ര ടിക്കറ്റായി 145 രൂപയും ചുമത്തി. ഇതിനു പുറമെ അങ്ങാടിപ്പുറത്തേക്ക് യാത്ര ചെയ്യാൻ 145 രൂപ കൂടി യുവതിയിൽ നിന്നും ടിക്കറ്റ് എക്സാമിനർ വാങ്ങി.

ടിക്കറ്റ് പരിശോധനക്കിടയിൽ യാത്രക്കാരി കാര്യം ബോധിപ്പിച്ചുവെങ്കിലും പരാതിക്കാരിയിൽ നിന്നും നിർബന്ധപൂർവം അമിതമായി പിഴ ഈടാക്കുകയായിരുന്നുവെന്ന് കണ്ടെത്തിയാണ് വിധി. നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5000 രൂപയും അധികമായി ഈടാക്കിയ 145 രൂപയും ഒരു മാസത്തിനകം നല്കണമെന്നും വീഴ്ച വന്നാൽ 12 ശതമാനം പലിശ നൽകണമെന്നും കമീഷൺന്റെ ഉത്തരവ്.



deshabhimani section

Related News

View More
0 comments
Sort by

Home