സതീശന്റെ പ്രവർത്തനം 
ബിജെപിക്കുവേണ്ടി ; ഇനി എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കും : ഡോ. പി സരിന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 01:00 PM | 0 min read


പാലക്കാട്‌
പ്രതിപക്ഷനേതാവ്‌ വിഡി സതീശന്റെ ബിജെപി ബന്ധം തുറന്നുകാട്ടി  കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്ന ഡോ. പി സരിൻ. ബിജെപിക്കുവേണ്ടി  കോൺഗ്രസിനെ സതീശൻ മാറ്റിയെടുക്കുകയാണെന്ന്‌ സരിൻ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. 

ബിജെപി അപകടകാരിയല്ല, സിപിഐ എമ്മാണ്‌ മുഖ്യശത്രുവെന്ന പൊതുബോധം കോൺഗ്രസുകാരിൽ സൃഷ്ടിക്കുകയാണ്‌. സിപിഐ എം–- ബിജെപി ധാരണയെന്ന്‌ ബോധപൂർവം പ്രചരിപ്പിക്കുന്നത്‌ കോൺഗ്രസിന്റെ ഒത്തുകളി മൂടിവയ്‌ക്കാനാണ്‌. രമേശ്‌ ചെന്നിത്തല പ്രതിപക്ഷനേതാവായിരുന്നപ്പോൾ ഏകീകൃത സിവിൽകോഡ്‌ ഉൾപ്പെടെയുള്ള വിഷയത്തിൽ സിപിഐ എമ്മുമായി സഹകരിച്ച്‌ സമരം നടത്തി. എന്നാൽ, വളഞ്ഞവഴിയിൽ പ്രതിപക്ഷ നേതാവായ വി ഡി സതീശൻ ഇനി സിപിഐ എമ്മുമായി സഹകരിച്ച്‌ ഒരു സമരത്തിനുമില്ലെന്ന്‌ പ്രഖ്യാപിച്ചു. ഇത്‌ ബിജെപിയെ സഹായിക്കാനായിരുന്നു. മൂന്നര വർഷമായി ബിജെപിക്കെതിരെയോ കേന്ദ്ര സർക്കാരിനെതിരെയോ കോൺഗ്രസ്‌ എന്തെങ്കിലും സമരമോ, പ്രസ്‌താവനയോ നടത്തിയിട്ടില്ല. വടകരയിൽ ഷാഫി പറമ്പിലിനെ സ്ഥാനാർഥിയാക്കുന്നതിലും ബിജെപി താൽപ്പര്യമാണ്‌ കോൺഗ്രസ്‌ നടപ്പാക്കിയത്‌. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുക എന്ന ലക്ഷ്യമാണ്‌ അതിനുപിന്നിൽ. തൃശൂരിൽ കെ മുരളീധരനെ കൊണ്ടുവന്നത്‌ ബിജെപിയെ സഹായിക്കാനായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ഫോണിൽ വിളിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചിട്ടുണ്ട്‌. വളര്‍ന്നുവരുന്ന കുട്ടിസതീശനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും സരിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇനി ഇടതുപക്ഷത്തോടൊപ്പം

സിപിഐ എം ഒരിക്കലും ബിജെപിയെ സഹായിക്കുന്ന ഒരു നിലപാടും എടുത്തിട്ടില്ല. ഇനി ഇടതുപക്ഷത്തോടൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.         കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ കാരണങ്ങൾ പഠിച്ചു, തിരുത്തേണ്ടവ എന്തൊക്കെയെന്ന്‌  കണ്ടെത്തി. അത്‌ താഴെത്തട്ടിൽവരെ സിപിഐ എം റിപ്പോർട്ട്‌ ചെയ്‌തു. എന്നാൽ, കോൺഗ്രസിൽ അങ്ങിനെയൊരു കീഴ്‌വഴക്കമേയില്ലെന്നും സരിൻ പറഞ്ഞു.

സരിനെ കോൺഗ്രസ്‌ പുറത്താക്കി
കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനർ ഡോ. പി സരിനെ  കോൺഗ്രസ്‌ പ്രാഥമികാംഗത്വത്തിൽനിന്ന്‌  പുറത്താക്കി. കോൺഗ്രസിലെ ജനാധിപത്യമില്ലായ്‌മയും ഏകാധിപത്യവും  വി ഡി സതീശന്റ സംഘപരിവാർ ബന്ധവും തുറന്നുപറഞ്ഞതിന്‌  പിന്നാലെയാണ്‌ നടപടി. ബുധനാഴ്‌ച നേതൃത്വത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ച ശേഷവും   തൽക്കാലം നടപടി വേണ്ടെന്നായിരുന്നു കോൺഗ്രസിലെ ധാരണ. എന്നാൽ, വ്യാഴാഴ്‌ച  വാർത്താസമ്മേളനത്തിൽ വി ഡി സതീശനും ഷാഫി പറമ്പിലുമടക്കമുള്ളവരുടെ ബിജെപി ബന്ധം വെളിപ്പെടുത്തിയതോടെയാണ്‌ പുറത്താക്കൽ.



deshabhimani section

Related News

View More
0 comments
Sort by

Home