കോൺഗ്രസിൽ പൊട്ടിത്തെറി ; മുൻകൂർ സ്ഥാനാർഥി പ്രഖ്യാപനം വിനയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 12:04 AM | 0 min read



തിരുവനന്തപുരം
മണ്ഡലത്തിലെ പ്രവർത്തകരുടെയും ജനങ്ങളുടെയും താൽപര്യവും വികാരവും മാനിക്കാതെ പാലക്കാട്‌ സ്ഥാനാർഥിയായി യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിനെതിരെ കോൺഗ്രസിൽ പൊട്ടിത്തെറി. യൂത്ത്‌ കോൺഗ്രസ്‌ നേതാവും കോൺഗ്രസ്‌ സമൂഹമാധ്യമ സെൽ കൺവീനറുമായ പി സരിൻ ആണ്‌ രൂക്ഷവിമർശവുമായി രംഗത്തെത്തിയത്‌. കോൺഗ്രസിലെ വലിയ വിഭാഗത്തിന്റെ വികാരമാണ്‌ പങ്കുവയ്ക്കുന്നതെന്നും നേതൃത്വം തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ മുന്നറിയിപ്പ്‌ നൽകി.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടൻ ഒരു വിഭാഗം രാഹുലിന്റെ സ്ഥാനാർഥിത്വം അനൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സമൂഹമാധ്യമ പ്രചാരണവും തുടങ്ങി. ജയിപ്പിച്ചുകൊള്ളാമെന്ന ഷാഫി പറമ്പിലിന്റെ ഉറപ്പ്‌ മാത്രമാണ്‌ രാഹുലിന്റെ സ്ഥാനാർഥിത്വത്തിന്റെ അടിസ്ഥാനമെന്ന്‌ കോൺഗ്രസ്‌ നേതാക്കളും സ്ഥിരീകരിക്കുന്നു.
സ്വന്തം സ്ഥാനാർഥിത്വ പ്രശ്നം മാത്രമല്ല, യഥാർത്ഥ വിഷയങ്ങൾ  കാണാൻ നേതൃത്വം തയ്യാറാകാത്തതിനാലാണ്‌ പരസ്യപ്രതികരണമെന്നാണ്‌ സരിന്റെ വാദം. ഇത്‌ സാധൂകരിക്കുന്ന വിവരങ്ങളാണ്‌ പാലക്കാടുനിന്ന്‌ പുറത്തുവരുന്നതും.

യൂത്ത്‌ കോൺഗ്രസ്‌ നേതാവായിരിക്കേ മലമ്പുഴയിൽ ഇ കെ നായനാർക്കെതിരെ മത്സരിച്ച, ഇപ്പോഴത്തെ ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ, ഒബിസി സെൽ ചെയർമാൻ സുമേഷ്‌ അച്യുതൻ എന്നിങ്ങനെ പ്രാദേശികമായി പരിഗണിക്കേണ്ടവരെ ആലോചിച്ചുപോലുമില്ല എന്ന പരാതി ഒരു വിഭാഗത്തിനുണ്ട്‌. രാഹുലിനുവേണ്ടിയുള്ള ആസൂത്രണം നേരത്തേ തുടങ്ങിയിരുന്നതായും ഇവർ പറയുന്നു.

എംപിയായശേഷം ഷാഫി തിരുവനന്തപുരത്തെത്തി മുതിർന്ന നേതാക്കളെ രാഹുലിനൊപ്പം കാണുകയും പാലക്കാട്ടേക്ക്‌ പരിഗണിക്കണമെന്ന്‌ അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇരുവരും പരസ്പരം സഹായിക്കാൻ പാർടിയെയും പ്രവർത്തകരെയും ബലിയാടാക്കുന്നുവെന്നാണ്‌ ആക്ഷേപം. ഇത്‌ കോൺഗ്രസ്‌ നേതൃത്വം മനസിലാക്കുന്നില്ലെന്നാണ്‌ സരിൻ പറയുന്നത്‌. സരിനോട്‌ താൽപര്യമില്ലാത്ത കോൺഗ്രസ്‌ നേതാക്കളുൾപ്പെടെ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കാൻ തയ്യാറല്ല. തിടുക്കപ്പെട്ട്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതുതന്നെ ഷാഫിയുടെ നിർബന്ധം മൂലമാണെന്നും പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home