നാലുവർഷ ബിരുദം ; ഉന്നത വിദ്യാഭ്യാസത്തിന്‌ അന്താരാഷ്‌ട്ര മാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 10:48 PM | 0 min read



തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ പ്രധാന ചുവടുവയ്‌പായി നാലുവർഷ ബിരുദ പരിപാടി. സംസ്ഥാനത്ത്‌ ഈ അക്കാദമിക വർഷംമുതൽ കേരള, എംജി, കലിക്കറ്റ്‌, കണ്ണൂർ സർവകലാശാലകളിലെ അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാല ക്യാമ്പസുകളിലും ശ്രീശങ്കരാചാര്യ സംസ്‌കൃത, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലകളിലും നാലുവർഷ ബിരുദ പരിപാടി ആരംഭിച്ചു. ശ്രീനാരായണ ഓപ്പൺ സർവകലാശാല കോഴ്സുകളും നാലു വർഷ ബിരുദത്തിന്റെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിച്ചു.

പ്രവേശനം നാലുവർഷത്തേക്ക് ആണെങ്കിലും മൂന്നാം വർഷത്തിൽ (ആറാം സെമസ്റ്റർ) കോഴ്സ് പൂർത്തിയാക്കാനും അവസരമുണ്ട്‌. 133 ക്രെഡിറ്റ്‌ നേടിയാൽ മതി. കോഴ്സിനുശേഷം രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദത്തിനും ചേരാം. രണ്ടരവർഷത്തിൽ 133 ക്രെഡിറ്റ് നേടിയാലും ബിരുദം ലഭിക്കും. നാലുവർഷ ഓണേഴ്സ് ബിരുദത്തിന്റെ ഏഴാം സെമസ്റ്ററിൽ റെ​ഗുലർ ക്ലാസും എട്ടാം സെമസ്റ്ററിൽ പ്രോജക്ട്, ഇന്റേൺഷിപ്പ് എന്നിവയുമാണ്. നാലുവർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക്‌ ലാറ്ററൽ എൻട്രിയിലൂടെ ഒരുവർ‌ഷത്തിൽ പിജി പൂർത്തിയാക്കാം. 177 ക്രെഡിറ്റാണ് നാലുവർഷ ബിരുദത്തിന് നേടേണ്ടത്. കൂടാതെ, ​ഗവേഷണത്തിന് താൽപ്പര്യമുള്ളവർക്ക് നാലുവർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നേടാം. ഇവർക്ക് നിശ്ചിത ക്രെഡിറ്റ് നേടുന്ന മുറയ്ക്ക് പിജി ഇല്ലാതെ പിഎച്ച്ഡിക്ക് ചേരാനും നെറ്റ് എഴുതാനുമാകും. എട്ടാം സെമസ്റ്ററിൽ ഇന്റേൺഷിപ്പിന് പകരം റിസർച്ച് ​ഗൈഡിന്റെ മേൽനോട്ടത്തിൽ തീസിസ് പൂർത്തിയാക്കിയാലാണ് റിസർച്ച് ബിരുദം ലഭിക്കുന്നത്.

പഠനത്തിനിടെ ഇടവേളയെടുക്കാനും കോളേജും സർവകലാശാലയും മാറാനുള്ള സ്വാതന്ത്ര്യമുണ്ട്. അഡ്മിഷനെടുത്ത് ഏഴുവർഷത്തിനുള്ളിൽ ബിരുദം പൂർത്തിയാക്കിയാൽ മതി. വിദ്യാർഥി നേടിയ ക്രെഡിറ്റുകൾ‌ ക്രെഡിറ്റ് ബാങ്കിൽ നിക്ഷേപിച്ചാണ് ഇത് സാധ്യമാകുന്നത്. സർവകലാശാലകൾക്ക് ഏകീകൃത അക്കാദമിക കലണ്ടർ തയ്യാറാക്കിയതും ഇതിന് സഹായിക്കും.

നാലുവർഷ ബിരുദ പരിപാടിക്ക്‌ ആവശ്യമായ കരിക്കുലം ചട്ടക്കൂട്, എഫ്‌വൈയുജിപി റെഗുലേഷൻ, പുതിയ സിലബസ് എന്നിവ വിവിധ സർവകലാശാലകളിൽ രൂപകൽപ്പന ചെയ്തു നടപ്പാക്കി വരികയാണ്‌.

നാലുവർഷ ബിരുദ വിദ്യാർഥികൾക്കുള്ള കെെപുസ്-തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചപ്പോൾ    (ഫയൽ ഫോട്ടോ)



deshabhimani section

Related News

View More
0 comments
Sort by

Home