സഹായം ഉടൻ നൽകണം: കേന്ദ്രത്തോട്‌ ഒറ്റക്കെട്ടായി നിയമസഭ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 03:07 AM | 0 min read

തിരുവനന്തപുരം
മുണ്ടക്കൈ പുനരധിവാസത്തിന്‌ കേരളത്തിന്‌ ലഭിക്കേണ്ട അടിയന്തര സാമ്പത്തിക സഹായം ഉടൻ നൽകണമെന്നും ദുരിതബാധിതരുടെ വായ്പ പൂർണമായും എഴുതിത്തള്ളണമെന്നും കേരള നിയമസഭ ഏകകണ്‌ഠമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ചട്ടം 275 പ്രകാരം മന്ത്രി എം ബി രാജേഷാണ്‌ പ്രമേയം അവതരിപ്പിച്ചത്‌.

സഹായത്തിലെ  കാലതാമസം ദുരിതാശ്വാസ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. നാശനഷ്ടം വിശദമാക്കി സംസ്ഥാന സർക്കാർ നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഒരു പ്രദേശമാകെ ഇല്ലാതായി. രാജ്യത്ത്‌ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും വലിയ ഉരുൾപൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം. പ്രധാനമന്ത്രി സംഭവസ്ഥലം സന്ദർശിച്ചപ്പോഴും ശേഷം അദ്ദേഹത്തെ നേരിൽക്കണ്ടും സഹായാഭ്യർഥന നടത്തി.

ഇതുവരെ ഒരു സഹായവും നൽകിയിട്ടില്ല. ദേശീയ ദുരന്തനിവാരണ നിയമം അനുശാസിക്കുന്ന മാനദണ്ഡ പ്രകാരം അതിതീവ്ര ദുരന്ത ഗണത്തിൽപ്പെടുന്നതാണ് മുണ്ടക്കൈ ഉരുൾപൊട്ടൽ. പ്രകൃതിദുരന്തം നേരിട്ട മറ്റു പല സംസ്ഥാനങ്ങൾക്കും നിവേദനംപോലും ഇല്ലാതെ സഹായം നൽകി. ഈ പരിഗണന കേരളത്തിന് ലഭിച്ചില്ല എന്നത് ഖേദകരമാണ്. ദുരന്തബാധിതർ ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും എടുത്ത വായ്പ എഴുതിത്തള്ളുന്നത്‌ ചർച്ചചെയ്യാൻ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി വിളിച്ചുകൂട്ടി. ഇക്കാര്യത്തിൽ കാലവിളംബം കൂടാതെ തുടർനടപടി ഉണ്ടാകണം.


ദേശീയ ദുരന്തനിവാരണ നിയമം 2005 ലെ 13–--ാം വകുപ്പു പ്രകാരം, ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് തീവ്രദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാം. ഈ അധികാരം വിനിയോഗിക്കുന്നതിന്‌ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home