മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ട് പടയൊരുക്കം ; രമ്യക്കെതിരെയും പ്രാദേശിക വികാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 12:51 AM | 0 min read


തിരുവനന്തപുരം
പാലക്കാട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിച്ചാൽ പരാജയപ്പെടുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസിലെ ഒരു വിഭാഗം. പാലക്കാട്‌ നിന്നുള്ളൊരാളെ സ്ഥാനാർഥിയാക്കുന്നതാണ്‌ ഉചിതമെന്ന കെ സുധാകരന്റെ നിലപാടിനെ പിന്തുണച്ചാണ്‌ കെപിസിസി നേതൃയോഗത്തിൽ ഒരു വിഭാഗം രാഹുലിനെതിരെ ചർച്ചയുയർത്തിയത്‌. കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും സ്ഥാനാർഥിയായി രമ്യഹരിദാസിനെ ചേലക്കരയിൽ കെട്ടിയിറക്കാനാണ്‌ നീക്കമെന്നും ആക്ഷേപമുയർന്നു.

സതീശന്റെയും വേണുഗോപാലിന്റെയും ഷാഫി പറമ്പിലിന്റെയും പിന്തുണയാണ്‌ രാഹുലിനുള്ളത്‌. പി സരിനെ മനസ്സിൽ കണ്ടാണ്‌ പാലക്കാട്ടുകാരൻ സ്ഥാനാർഥിയാകണമെന്ന്‌ സുധാകരൻ അഭിപ്രായപ്പെട്ടത്‌. സരിന്റെ സ്ഥാനാർഥിത്വം സതീശനും വേണുഗോപാലും ഒന്നിച്ചെതിർക്കുകയാണ്‌. വി ടി ബൽറാമിന്റെ പേരും ഉയർന്നെങ്കിലും പിന്തുണയുണ്ടായില്ല.

പത്തനംതിട്ടയിൽനിന്നുള്ള രാഹുലിന്‌ പാലക്കാട്‌ സ്വാധീനമില്ലെന്നും സംസ്ഥാന നേതാവെന്ന പരിവേഷം ഇല്ലെന്നുമാണ്‌ പാലക്കാട്‌ ജില്ലാ നേതൃത്വം കെപിസിസി നേതൃത്വത്തെ അറിയിച്ചത്‌. കെ മുരളീധരനെ പാലക്കാട്‌ പരിഗണിക്കണമെന്ന താൽപര്യമാണ്‌ ഡിസിസിക്ക്‌. നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന്‌ ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പനും വ്യക്തമാക്കിയിരുന്നു.  ചേലക്കരയിൽ രമ്യ മത്സരിക്കുന്നതിനോട്‌ ഡിസിസിക്കും പ്രാദേശിക നേതൃത്വത്തിനും താൽപര്യമില്ല. എന്നാൽ, രമ്യയെത്തന്നെ സ്ഥാനാർഥിയാക്കാനാണ്‌ സതീശന്റെയും വേണുഗോപാലിന്റെയും നീക്കം.

ചേലക്കരയിൽ സതീശൻ പങ്കെടുത്ത 
യോഗം അലങ്കോലമായി
നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ചേലക്കരയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്ത നേതൃയോഗത്തിൽ എ, ഐ ഗ്രൂപ്പുകാർ തമ്മിൽ ബഹളം. ബിജെപിക്ക്‌ വോട്ട്‌ മറിച്ചതിനെത്തുടർന്ന്‌  തൃശൂരിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേയ്‌ക്ക്‌ പിന്തള്ളപ്പെട്ടതിനെതുടർന്ന്‌ പാർടിയിൽനിന്ന്‌ പുറത്താക്കിയ  ഡിസിസി സെക്രട്ടറി എ ഗ്രൂപ്പിലെ എം എൽ ബേബി യോഗത്തിന്‌ എത്തിയതാണ് പ്രശ്‌നത്തിന്‌ കാരണം. ബേബി ഹാളിനകത്തേക്ക്‌ കടന്നതോടെ  ഐ ഗ്രൂപ്പ്‌ നേതാക്കൾ തടഞ്ഞത്‌ സംഘർഷത്തിനിടയാക്കി.  ഡിസിസി പ്രസിഡന്റ്‌ ചുമതലയുള്ള വി കെ ശ്രീകണ്‌ഠൻ ഇടപ്പെട്ട്‌ ബേബിയെ ഹാളിൽനിന്ന്‌ പുറത്താക്കി. പാണഞ്ചേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ എൻ വിജയകുമാറിന്റെ ക്ഷണപ്രകാരമാണ്‌ ബേബി യോഗത്തിന്‌ എത്തിയതെന്നും വിജയകുമാറിനെതിരെ നടപടി വേണമെന്നും ഐ ഗ്രൂപ്പുകാർ ആവശ്യപ്പെട്ടു. എന്നാ ൽ  പ്രതിപക്ഷ നേതാവിനെ കാണാനാണ്‌ ബേബി എത്തിയതെന്നാണ്‌ എ ഗ്രൂപ്പിന്റെ വാദം.



deshabhimani section

Related News

View More
0 comments
Sort by

Home