കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത്; ഈടാക്കുന്നത് മൂന്നു ലക്ഷം, ലഭിക്കുന്നത് ക്രൂരപീഡനം, അടിമ ജീവിതം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 10:42 AM | 0 min read

തിരുവനന്തപുരം> വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് വിയറ്റ്‌നാംവഴി കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നത് വൻ കമ്മീഷൻ കൈപ്പറ്റി. സംഘത്തിലെ മൂന്നുപേരെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം പാങ്ങോട് എസ്.എസ്. കോട്ടേജിൽ സജീദ് (36), കൊല്ലം കൊട്ടിയം തഴുത്തല തെങ്ങുവിള വീട്ടിൽ മുഹമ്മദ് ഷാ (23), കൊല്ലം കൊട്ടിയം തഴുത്തല തട്ടുവിള മുട്ടൻചിറ വീട്ടിൽ അൻഷാദ് (37) എന്നിവരെയാണ് അടിമാലി പൊലീസ് സംഘം അറസ്റ്റുചെയ്തത്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മൂന്നു ലക്ഷം രൂപവരെ ആവശ്യപ്പെട്ടാണ് ഇവർ ഇരകളെ പ്രലോഭിപ്പിച്ച് കയറ്റി അയക്കുന്നത്. ഇതിൽ ഒരു ലക്ഷം രൂപയാണ് ഒരാൾക്ക് തങ്ങൾക്ക് ലഭിക്കുന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.

അടിമാലി മന്നാംങ്കാല സ്വദേശി കല്ലുവെട്ടികുഴി ഷാജഹാൻ നൽകിയ പരാതിയിലാണ് മൂന്നു പേർ അറസ്റ്റിലായത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് കരിക്ക് കച്ചവടം ചെയ്യുകയായിരുന്ന ഷാജഹാനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവർ വലയിലാക്കിയത്. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ഷാജഹാൻ തന്റെ സാമർത്ഥ്യം കൊണ്ടാണ് രക്ഷപെട്ട് നാട്ടിൽ എത്തി പ്രതികളെ കുരുക്കുന്നതിലേക്ക് കേസ് എത്തിച്ചത്.

 മൂന്നാർ സന്ദർശനത്തിന് എത്തിയ പ്രതികൾ വിയറ്റ്‌നാമിലേക്ക് കൊണ്ടുപോകാമെന്നും മാസം 80,000 രൂപ ശമ്പളം ലഭിക്കുന്ന ജോലി വാങ്ങിത്തരാമെന്നും പറഞ്ഞുവിശ്വസിപ്പിച്ചാണ് പാട്ടിലാക്കിയത്. പ്രതിഫലമായി പ്രതികൾ ഷാജഹാനിൽനിന്ന് രണ്ടുലക്ഷം രൂപ വാങ്ങി. വിയറ്റ്‌നാമിൽ എത്തിയപ്പോൾ അവിടുത്തെ കമ്പനിയിൽ ജോലിയില്ലെന്നും കംമ്പോഡിയയിലെ നല്ലൊരു കമ്പനിയിൽ ജോലി വാങ്ങിത്തരാം എന്ന് വിശ്വസിപ്പിച്ച് മറ്റൊരുസംഘത്തിന് ഷാജഹാനെ കൈമാറി.

അറസ്റ്റിലായ പ്രതികൾ

കംബോഡിയയിൽ എത്തിച്ച ഷാജഹാനെ ഇരുട്ടുമുറിയിൽ മൂന്നുമാസം താമസിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അവർ നിർദേശിച്ച ജോലിചെയ്യുവാൻ നിർബന്ധിച്ചതായും ഷാജഹാൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഘത്തിന്റെ കൈയിൽനിന്ന് രക്ഷപ്പെട്ട ഷാജഹാൻ കംമ്പോഡിയയിലെ ഇന്ത്യൻ എംബസിയിൽ എത്തിയതാണ് രക്ഷാ മാർഗ്ഗം തുറന്നത്. ഷാജഹാൻ അവിടെനിന്ന് കഴിഞ്ഞ ജൂണിൽ നാട്ടിലെത്താൻ കഴിഞ്ഞു.

ഇതിനുശേഷമാണ് അടിമാലി പോലീസിൽ പരാതി നൽകിയത്. ഇതോടെ പ്രതികൾ ഷാജഹാനിൽനിന്ന് വാങ്ങിയ രണ്ടുലക്ഷം രൂപ തിരികെ കൊടുത്ത് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. എന്നാൽ കേസ് പിൻവലിച്ചില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കമ്പോഡിയയിൽ ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തിന് പ്രതികൾ ഷാജഹാനെ വിൽക്കുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മലയാളഭാഷ അറിയാവുന്ന 200 ഓളം ആളുകൾ കേരളത്തിൽനിന്ന് ഈ സംഘത്തിന്റെ വലയിൽ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്.

കേരളത്തിൽനിന്ന് 15 പേരെ ഇത്തരത്തിൽ കയറ്റി അയച്ചതായി പ്രതികൾ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. കയറ്റി അയക്കുന്നതിന് ഒരാൾക്ക് ഒരുലക്ഷം രൂപ വീതം ഈ സംഘത്തിന് ലഭിക്കുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home