അനുഭവം ഗുരു ; എൽദോസ്‌ കുന്നപ്പിള്ളി കൊണ്ടുവന്ന സ്വകാര്യബിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 12:49 AM | 0 min read


വെള്ളിയാഴ്‌ചകളിൽ സ്വകാര്യബില്ലുകളാണ്‌ പതിവെങ്കിലും സ്വന്തം അനുഭവ പശ്ചാത്തലത്തിൽ ബില്ല്‌ കൊണ്ടുവരുന്നത്‌ അപൂർവമായിരിക്കും. ഒട്ടേറെ അനുഭവങ്ങളുടെ പിൻബലമുള്ള എൽദോസ്‌ കുന്നപ്പിള്ളി കൊണ്ടുവന്ന സ്വകാര്യബില്ല്‌ ‘അക്രമകാരികളായ മൃഗങ്ങളെ പുനരധിവസിപ്പിക്കൽ ’! ചേതോവികാരമായത്‌ സ്വന്തം കാലിൽ തെരുവുനായ കടിച്ചത്‌.

തെരുവുനായശല്യം നാട്ടിൽ ചർച്ചയാകാറുള്ള വിഷയമായതിനാൽ പി വി ശ്രീനിജനും ടൈസൻ മാഷും ഉൾപ്പെടെ പലരും പ്രോത്സാഹിപ്പിച്ചു.
മയിൽ ശല്യത്തെക്കുറിച്ചാണ്‌   കുറുക്കോളി മൊയ്‌തീന്റെ പരാതി.    കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും എട്ടുലക്ഷം തെരുവുനായ്‌ക്കൾ കേരളത്തിലുണ്ടെന്ന സാമാജികരുടെ കണക്കും ചില സീസണുകളിൽ ഉയരുന്ന പ്രശ്നങ്ങളും അവഗണിക്കേണ്ടതില്ല എന്നുതന്നെയായിരുന്നു ചർച്ച.
ഫയർഫോഴ്‌സിനെ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വഴി നവീകരിക്കേണ്ട ആവശ്യകതയായിരുന്നു എൻ ജയരാജ്‌ അവതരിപ്പിച്ച ‘ഫയർഫോഴ്‌സ്‌ അമന്റ്‌മെന്റ്‌ ബില്ല്‌’. കിണറ്റിൽ അപകടമുണ്ടാകുമ്പോൾ ഇറങ്ങേണ്ടിവരുന്നവർക്ക്‌ മുകളിലേക്ക്‌ ബന്ധപ്പെടാനുള്ള വാക്കിടോക്കി പോലുള്ള സൗകര്യങ്ങൾ പി സി വിഷ്‌ണുനാഥ്‌ ആവശ്യപ്പെട്ടു. 

കളിസ്ഥലങ്ങളുടെ നിർമാണവും പരിപാലനവുമായി ബന്ധപ്പെട്ട പി പി ചിത്തരഞ്ജന്റെ ബില്ലിന്റെ തുടർചർച്ചയിൽ പഞ്ചായത്തുതലങ്ങളിൽ വിവിധ വകുപ്പുകളുടെ സ്ഥലങ്ങളുണ്ടായിട്ടും ലഭ്യമാകാനുള്ള തടസങ്ങളെക്കുറിച്ച്‌ കെ ശാന്തകുമാരി ഓർമിപ്പിച്ചു.

വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്‌ ടി സിദ്ദിഖ്‌ ‘ദുരന്തനിവാരണ സന്നദ്ധപ്രവർത്തകർ സംരക്ഷണ ബിൽ’ അവതരിപ്പിച്ചത്‌. നിലവിലുള്ള ദുരന്തനിവാരണ അതോറിറ്റിക്ക്‌ ബില്ലിൽ പറഞ്ഞ കാര്യങ്ങൾ വ്യവസ്ഥ ചെയ്‌തിട്ടുള്ളതാണെന്ന്‌ റവന്യു മന്ത്രിക്കുവേണ്ടി മന്ത്രി എം ബി രാജേഷ്‌ വ്യക്തമാക്കി. ദുരന്തസ്ഥലത്തുനിന്ന്‌ അതീവ ദാരുണമായ ദൃശ്യങ്ങൾ ലൈവ്‌ ചെയ്യുന്നതിലെ അനൗചിത്യമാണ്‌ യു പ്രതിഭ ചൂണ്ടിക്കാണിച്ചത്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home