‘93 ഡിപ്പോകളിൽ 85 ശതമാനവും ലാഭത്തിൽ'; കെഎസ്ആർടിസിയുടെ കണക്ക് നിരത്തി മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 05:44 PM | 0 min read

തിരുവനന്തപുരം > നിയമസഭയിൽ കെഎസ്ആർടിസിയുടെ ലാഭക്കണക്ക് നിരത്തി ഗതാഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. സംസ്ഥാനത്ത് 85 ശതമാനം ഡിപ്പോകളും പ്രവ‍ർത്തന ലാഭത്തിലെത്തിലാണെന്നും ഒൻപത് കോടി രൂപയാണ് ഡിപ്പോകളുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.  

ജീവനക്കാരുടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളുമെല്ലാം നൽകാൻ സാധിച്ചിട്ടുണ്ട്‌. പിഎഫ് ക്ലോഷർ, എൻപിഎസ്, പെൻഷൻ ഫണ്ട്, സഹകരണ സൊസൈറ്റിക്ക് നൽകാനുള്ള പണം എല്ലാം ചേർത്ത് ഡിസംബർ മുതൽ ഇതുവരെ 883 കോടിയാണ്‌ അടച്ചു തീർത്തത്‌. നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് ഇൻസെന്റീവ്‌ ഉൾപ്പെടെ നൽകുമെന്നും ഗണേഷ്‌ കുമാർ പറഞ്ഞു.   

ബസുകൾ ഘട്ടം ഘട്ടമായി സിഎൻജിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിക്കുകയും ചെയ്തു. ഇതിനായി ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്‌. പെരുമ്പാവൂരിൽ കെഎസ്ആർടിസിയുടെ പെട്രോൾ പമ്പ് ഉടൻ ഉദ്ഘാടനം ചെയ്യും. പുതിയ 10 പെട്രോൾ പമ്പുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

കൊറിയർ സർവീസ് വീട്ടുപടിക്കൽ എത്തിക്കുന്നതിന് കെഎസ്ആ‍ർടിസിയുമായി ചേർന്ന് പ്രവ‍ർത്തിക്കാൻ ഒരു സ്റ്റാർട്അപ്പ് കമ്പനി സന്നദ്ധത അറിയിച്ച കാര്യവും  മന്ത്രി കെബി ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു. വീടുകളിൽ നിന്ന് കൊറിയർ ശേഖരിക്കുകയും വീടുകളിൽ നേരിട്ട് കൊറിയർ എത്തിക്കുകയും ചെയ്യുന്ന സംവിധാനം യാഥാർത്ഥ്യമാക്കാനാണ് ശ്രമം നടക്കുന്നത്. അതിൽ ചർച്ച നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home