പട്ടാപ്പകൽ ഏഴ് പവൻ സ്വർണം മോഷണം; പ്രതി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 04:48 PM | 0 min read

കാഞ്ഞങ്ങാട് > വീട്ടിൽ നിന്ന് പട്ടാപ്പകൽ ഏഴ് പവൻ സ്വർണം കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വാളത്തുങ്കാൽ ചേതന നഗറിലെ ഉണ്ണി മുരുകനെ (30)യാണ് ഹോസ്ദുർഗ് എസ്‌ഐ വി പി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ സി വി ഗീതയുടെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതിയാണ് ഉണ്ണി മുരുകൻ.

ഗീത വീട് പൂട്ടിയ ശേഷം താക്കോൽ പുറത്തു വെച്ച്‌ പോയപ്പോഴായിരുന്നു മോഷണം. താക്കോൽ കൈക്കലാക്കി വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് അകത്തു കയറിയാണ് മോഷണം നടത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വീടുകളിൽ പണപിരിവ് നടത്തുകയായിരുന്ന ഉണ്ണി മുരുകൻ ഗീതയുടെ വീട്ടിലെത്തിയപ്പോൾ ആരുമില്ലെന്ന് മനസ്സിലാക്കുകയും കവർച്ച നടത്തുകയുമായിരുന്നു.

ഗീതയുടെ പരാതിയിൽ കേസെടുത്ത ഹോസ്ദുർഗ് പൊലീസ് മോഷണം പോയ മൊബൈൽ ഫോണിൽ സന്ദേശം അയച്ചാണ് പ്രതിയെ കുടുക്കിയത്. പ്രതി കോഴിക്കോട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉണ്ണി മുരുകനെ അവിടെ ചെന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home