എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാൻഡ്: പുതിയ ടെര്‍മിനല്‍ നിര്‍മാണം നവംബറില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 07:13 PM | 0 min read

കൊച്ചി > എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് ആധുനീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ടെര്‍മിനല്‍ നിര്‍മാണം നവംബര്‍ ആദ്യവാരം ആരംഭിക്കാന്‍ ധാരണയായി. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. കാരിക്കാമുറിയിലെ ഭൂമിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാന്‍ കഴിയുന്ന വിധം വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. വ്യവസായ മന്ത്രി പി രാജീവ്, ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ടി ജെ വിനോദ് എംഎല്‍എ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ നിര്‍ദ്ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ കൈവശാവകാശത്തോടെ നല്‍കും. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മാര്‍​ഗങ്ങള്‍ അന്തിമമാക്കിയിട്ടുണ്ട്. വെള്ളം പമ്പ് ചെയ്ത് റെയില്‍വേ ട്രാക്കിനടിയിലൂടെ തോട്ടില്‍ എത്തിക്കും. ടെര്‍മിനലിനകത്തേക്ക് വെള്ളം കയറാതിരിക്കാനുള്ള മതിലും നിര്‍മിക്കും. ഇതോടൊപ്പം നാറ്റ് പാക്ക്, സിഡബ്ല്യൂആര്‍ഡിഎം എന്നിവര്‍ തയാറാക്കുന്ന പഠന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളും പരിഗണിക്കും. നിലവില്‍ സ്ഥലത്തുള്ള ഷെഡ് പൊളിച്ചു മാറ്റും. റവന്യു പുറമ്പോക്ക് എന്‍ഒസി ഉടനെ നല്‍കും.

മണ്ണ് പരിശോധന നടത്തി ഡിപിആര്‍ തയ്യാറാക്കുന്ന നടപടികളും ഉടന്‍ പൂര്‍ത്തിയാകും. യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ ഈ കെട്ടിടത്തിലുണ്ടാകും. കൊച്ചി നഗരത്തില്‍ കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബ്ബുകള്‍ ഇതോടെ നിലവില്‍ വരും. കരിക്കാമുറിയില്‍ ഹബ് വരുമ്പോള്‍ അതിനോടു ചേര്‍ന്നുതന്നെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമെന്ന എന്നത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home