അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണത്തിന് പ്രത്യേക സംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 12:58 PM | 0 min read

കൊച്ചി > കൊച്ചിയിൽ പ്രശസ്ത ഡിജെ അലൻ വോക്കറുടെ സംഗീതപരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ഞായറാഴ്ച വൈകിട്ട് നടന്ന പരിപാടിക്കിടെയാണ് 21 ഐഫോണുകൾ ഉൾപ്പെടെ 35 ഫോണുകൾ മോഷണം പോയതായി മുളവുകാട് പൊലീസിന് പരാതി ലഭിച്ചത്‌. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടത്‌ ആസൂത്രിതമാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയതായും എറണാകുളം സെൻട്രൽ എസിപി ജയകുമാർ പറഞ്ഞു. സംഘം ചേർന്നുള്ള പ്രവർത്തിയെന്നാണ് പൊലീസ് വിലയിരുത്തുന്നത്. സിസിടിവി ദൃശ്യങ്ങളും കൊച്ചിയിൽ താമസിച്ച് ഷോയ്ക്ക് ബുക്ക് ചെയ്തവരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. ഇവരുടെ മൊബൈൽ ഫോണിന്റെ സഞ്ചാരപഥം ഉൾപ്പെടെ പരിശോധിക്കുമെന്നും എസിപി അറിയിച്ചു.

ഇ സോൺ എന്റർടെയ്ൻമെന്റ്‌സിന്റെ നേതൃത്വത്തിലാണ് ബോൾഗാട്ടി പാലസിൽ ‘സൺബേൺ അറീന ഫീറ്റ് അലൻ വാക്കർ’ സംഗീതനിശ അരങ്ങേറിയത്. വോക്കർ വേൾഡ് എന്ന പേരിൽ അലൻ വോക്കർ രാജ്യത്ത്‌ 10 നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടികളുടെ ഭാഗമായിരുന്നു ഇത്‌. ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് ഫോണുകൾ മോഷ്ടിച്ചത്‌. സംഗീതപരിപാടിക്കിടെ കഞ്ചാവുമായി നാലുപേർ പിടിയിലായിരുന്നു. ആലപ്പുഴ സ്വദേശികളായ അഗസ്റ്റിൻ ജോസഫ്, ഷാരോൺ മൈക്കിൾ, അഗസ്റ്റിൻ റിജു, ആന്റണി പോൾ എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home