സ്വർണം കടത്തിയത്‌ അമാന 
ഗ്രൂപ്പിനുവേണ്ടിയെന്ന്‌ വെളിപ്പെടുത്തൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 01:22 AM | 0 min read


മലപ്പുറം
കരിപ്പൂർ വിമാനത്താവളംവഴി സ്വർണം കടത്തുന്നത്‌  മുസ്ലിംലീഗ്‌ നേതാവ്‌ എം കെ മുനീർ എംഎൽഎയുടെ നേതൃത്വത്തിലുള്ള അമാന ഗ്രൂപ്പിനുവേണ്ടിയെന്ന്‌ സ്വർണക്കടത്ത്‌ സംഘാംഗം ചരൽ ഫൈസലിന്റെ വെളിപ്പെടുത്തൽ. 2021ൽ അഞ്ചുപേരുടെ ജീവനെടുത്ത രാമനാട്ടുകര അപകടത്തിനുപിന്നിലും സ്വർണക്കടത്ത്‌ സംഘമാണെന്നും ചാനൽ അഭിമുഖത്തിൽ ഫൈസൽ പറഞ്ഞു.

എം കെ മുനീറിന്റെ നേതൃത്വത്തിൽ കൊടുവള്ളിയിൽ ആരംഭിച്ച അമാന എംബ്രേയ്‌സ്‌ പദ്ധതിയുടെ ഭരണസമിതി അംഗങ്ങളാണ്‌ അമാന ഗ്രൂപ്പ്‌ മേധാവികൾ. എംഎൽഎയുടെ പദ്ധതിയുടെമറവിൽ സ്വർണക്കടത്താണ്‌ ലക്ഷ്യമെന്ന ആരോപണം ശക്തമായതിനുപിറകെയാണ്‌ പുതിയ വെളിപ്പെടുത്തൽ. ഇതോടെ എം കെ മുനീറും  സ്വർണക്കടത്തുസംഘങ്ങളും തമ്മിലുള്ള അവിശുദ്ധബന്ധം കൂടുതൽ മറനീക്കി.

ഒരുദിവസം പത്തുപേർ രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളിൽനിന്ന്‌ അമാന ഗ്രൂപ്പിനായി സ്വർണം കടത്തിയിരുന്നെന്ന്‌ ഫൈസൽ പറഞ്ഞു. ‘‘കൊടുവള്ളിയിൽ അമാന ഗ്രൂപ്പ്‌ ഡയറക്ടർമാരുടെ വീടുകളിലാണ്‌ സ്വർണം എത്തിച്ചിരുന്നത്‌. വിമാനത്താവളത്തിൽനിന്ന് പുറത്തുകടക്കുന്ന കാരിയർമാർക്ക്‌ സ്വർണം എത്തിക്കേണ്ട സ്ഥലംവരെ സുരക്ഷ ഒരുക്കുകയാണ്‌ ജോലി. ഇതിന്‌ 20,000 രൂപയാണ്‌ പ്രതിഫലം. അഞ്ചുവർഷം ഈ ജോലിചെയ്‌തു. ഞങ്ങളെപ്പോലെ മറ്റ്‌ പല സംഘങ്ങളും ഇവർക്കായി പ്രവർത്തിച്ചിരുന്നു. മുബഷീറെന്ന ഇടനിലക്കാരൻവഴിയാണ്‌ സ്വർണം എത്തിച്ചിരുന്നത്‌. 

രാമനാട്ടുകര അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അമാന ഗ്രൂപ്പ്‌ തിരിഞ്ഞുനോക്കിയില്ല. 2021 ജൂൺ 21-ന് പുലർച്ചെയായിരുന്നു അപകടം. കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടർന്ന മറ്റൊരു സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ വാഹനമാണ്‌ അപകടത്തിൽപ്പെട്ടത്‌. കേസിൽ സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘാംഗങ്ങളായ ഒട്ടേറെപ്പേർ അറസ്റ്റിലായിരുന്നു. രാമനാട്ടുകര അപകടത്തിൽ പുനരന്വേഷണം വേണം’’–- ഫൈസൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home