കൊല്ലം- എറണാകുളം സ്‌പെഷ്യൽ മെമു: ക്രെഡിറ്റിനായി തമ്മിലടിച്ച്‌ യുഡിഎഫ്‌ എംപിമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 09:36 AM | 0 min read

കൊല്ലം > കോട്ടയം വഴി തിങ്കളാഴ്‌ച സർവീസ്‌ ആരംഭിക്കുന്ന കൊല്ലം– എറണാകുളം സ്‌പെഷ്യൽ മെമു സർവീസിനെച്ചൊല്ലി കൊമ്പുകോർത്ത്‌ യുഡിഎഫ്‌ എംപിമാരായ കൊടിക്കുന്നിൽ സുരേഷും എൻ കെ പ്രേമചന്ദ്രനും. മെമു അനുവദിച്ചത്‌ ആരുടെ ഇടപെടൽ കൊണ്ടാണ്‌ എന്നതാണ്‌ തർക്കം.

തിക്കും തിരക്കും കാരണം ട്രെയിനുകളിൽ യാത്രക്കാർ കുഴഞ്ഞുവീഴുന്നത്‌ പതിവാകുകയും റെയിൽവേക്കെതിരെ വലിയ പ്രതിേേഷധം ഉയർന്നുവരികയും ചെയ്‌തതോടെ ആണ്‌ ഈ റൂട്ടിൽ തൽക്കാലത്തേക്ക്‌ സ്‌പെഷ്യൽ മെമു അനുവദിച്ചത്‌. യാത്രക്കാരുടെ ദുരിതം മാധ്യമങ്ങളിലും നിറഞ്ഞിരുന്നു. വെട്ടിക്കുറച്ച ലോക്കൽ കമ്പാർട്ടുമെന്റുകൾ പുനഃസ്ഥാപിക്കണമെന്നും പുതിയ മെമു സർവീസ്‌ അനുവദിക്കണമെന്നും യാത്രക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. കൊല്ലത്തുനിന്ന്‌ കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക്​ രാവിലെ പോകുന്ന പാലരുവി, വേണാട്​ എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട്​ ട്രൈയിനുകൾക്കിടയിൽ ഒരു ട്രെയിൻ വേണമെന്നത്​ ദിവസയാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ്‌. ഇതും റെയിൽവേ തീരുമാനത്തിന്‌ പ്രേരണയായി.

എന്നാൽ, എംപിമാർ മെമു വരുന്നതിന്റെ ക്രെഡിറ്റിനുവേണ്ടി മത്സരിച്ച്‌ പ്രസ്‌താവന ഇറക്കുകയായിരുന്നു. പ്രസ്‌താവന ആദ്യം ഇറക്കിയത്‌ കൊടിക്കുന്നിൽ സുരേഷ്​ ആണ്‌. അടുത്ത ദിവസം എൻ കെ പ്രേമചന്ദ്രന്റെ പ്രസ്‌താവനയും വന്നു. ഇതിൽ പ്രതിഷേധിച്ച്‌ മെമുവിന്റെ ആദ്യയാത്രയിൽ കൊല്ലം മുതൽ എറണാകുളം വരെ താൻ സഞ്ചരിക്കുമെന്ന്‌ അറിയിച്ച്‌ കൊടിക്കുന്നിൽ വീണ്ടും രംഗത്തെത്തി. ട്രെയിനുമായി കൊല്ലത്തുനിന്ന്​ എറണാകുളത്തേക്കുള്ള കൊടിക്കുന്നിലിന്റെ യാത്ര അപകടമെന്നു​ കണ്ട്‌ ഏഴിന്‌ മെമുവിന്‌ കൊല്ലത്ത്‌ സ്വീകരണം സംഘടിപ്പിക്കാനാണ്‌ പ്രേമചന്ദ്രന്റെ തീരുമാനം. കൊടിക്കുന്നിലും പ്രേമചന്ദ്രനും മെമുവിന്റെ പേരിൽ നിഴൽയുദ്ധം നടത്തുന്നതിനിടെ കോട്ടയം യുഡിഎഫ്‌ എംപി ഫ്രാൻസിസ്​ ജോർജും രംഗത്തെത്തിയിരിക്കുകയാണ്‌. വേണാടിലും പാലരുവിയിലും രാവിലെ യാത്രയിൽ അധികം തിരക്ക്‌ കായംകുളം മുതൽ എറണാകുളം വരെയാണെന്നും വേണാടിൽ ചങ്ങനാശേരി സ്വദേശി കുഴഞ്ഞുവീണതിനെ തുടർന്നാണ്‌ താൻ അടിയന്തിരമായി ഇടപെട്ടതെന്നും കൊടിക്കുന്നിൽ പറയുന്നു. മറ്റാരും ഇതിൽ ഇടപെട്ടിട്ടില്ല. പാലരുവി, പുനലൂർ -– -ഗുരുവായൂർ, പുനലൂർ -–- കന്യാകുമാരി തുടങ്ങിയ ട്രെയിനുകളൊക്കെ തന്റെ ശ്രമഫലമായാണ്‌ അനുവദിച്ചതെന്നും എംപി പറഞ്ഞു.

താൻ നടത്തിയ നിരന്തര ഇടപെടലിന്റെയും സമ്മർദത്തിന്റെയും ഫലമായാണ് പുതിയ സർവീസെന്ന്‌ എൻ കെ പ്രേമചന്ദ്രൻ എംപിയും  വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ, പുതിയ കൊല്ലം–- എറണാകുളം അൺ റിസർവ്ഡ് സ്പെഷ്യൽ മെമു സർവീസിന്റെ കാലാവധി വെട്ടിച്ചുരുക്കിയതിനെ സംബന്ധിച്ച്‌ യുഡിഎഫ്‌ എംപിമാർക്ക്‌ മിണ്ടാട്ടമില്ല.
 



deshabhimani section

Related News

View More
0 comments
Sort by

Home