മുല്ലപ്പെരിയാർ കേസ്‌ നവംബറിലേക്ക്‌ മാറ്റി ; രേഖകൾ സമർപ്പിക്കാൻ നാലാഴ്‌ച സാവകാശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 12:36 AM | 0 min read


ന്യൂഡൽഹി
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട 1886ലെ പാട്ടക്കരാറിന്‌ ഇപ്പോഴും നിയമസാധുതയുണ്ടോ എന്നത്‌ ഉൾപ്പടെയുള്ള നിയമപ്രശ്‌നങ്ങൾ പരിഗണിക്കുന്നത്‌ സുപ്രീംകോടതി നവംബറിലേക്ക്‌ മാറ്റി. കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കേരളത്തിനും തമിഴ്‌നാടിനും ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖ അധ്യക്ഷനായ ബെഞ്ച്‌ നാലാഴ്‌ച സാവകാശം അനുവദിച്ചു. കേരളം  തിങ്കളാഴ്‌ച ചില പ്രധാനപ്പെട്ട രേഖകൾ സമർപ്പിച്ചു. അധികരേഖകൾ വരുംദിവസങ്ങളിൽ സമർപ്പിക്കുമെന്നും അറിയിച്ചു.

തങ്ങളുടെ പാട്ടഭൂമിയായ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത്‌ കേരളം പാർക്കിങ്ഗ്രൗണ്ട്‌ നിർമിക്കുന്നത്‌ ചോദ്യംചെയ്‌ത്‌ തമിഴ്‌നാട്‌ സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ടാണ്‌ 1886ലെ പാട്ടക്കരാറിന്റെ നിയമസാധുത ഉൾപ്പടെയുള്ള നിയമപ്രശ്‌നങ്ങൾ പരിഗണിക്കുമെന്ന്‌ സുപ്രീംകോടതി നേരത്തെ അറിയിച്ചത്‌. നേരത്തെ, പാർക്കിങ്ഗ്രൗണ്ട്‌ പാട്ടഭൂമിയിലാണോയെന്നത്‌ പരിശോധിക്കാൻ സുപ്രീംകോടതി സർവേ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ നിർദേശം നൽകിയിരുന്നു. പാട്ടഭൂമിക്ക്‌ വെളിയിലാണിതെന്ന്‌ വ്യക്തമാക്കി സർവേ ഓഫ്‌ ഇന്ത്യ കോടതിയിൽ റിപ്പോർട്ട്‌ നൽകി. ഇത്‌ അംഗീകരിക്കില്ലെന്ന്‌ തമിഴ്‌നാട്‌ നിലപാടെടുത്തയോടെയാണ്‌ സുപ്രീംകോടതി കേസിൽ പരിഗണനാവിഷയങ്ങൾ രൂപീകരിച്ച്‌ മുന്നോട്ടുപോയത്‌. തമിഴ്‌നാടിന്റെ ഹർജി നിലനിൽക്കുമോ?, പാട്ടക്കരാർ വീണ്ടും പരിശോധിക്കാൻ നിയമയതടസ്സമുണ്ടോ?, സ്വാതന്ത്ര്യലബ്‌ധിക്കുശേഷം പാട്ടക്കരാറിന്റെ പിന്തുടർച്ച കേന്ദ്രസർക്കാരിൽ നിക്ഷിപ്‌തമാകുമോ?, കേരളത്തിന്‌ അനുകൂലമായി സർവേ ഓഫ്‌ ഇന്ത്യ നൽകിയ റിപ്പോർട്ട്‌ അംഗീകരിക്കണോ?–- തുടങ്ങിയ നിയമപ്രശ്‌നങ്ങളാണ്‌ പരിഗണിക്കുകയെന്ന്‌ സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്‌. കേരളത്തിന്‌ വേണ്ടി മുതിർന്നഅഭിഭാഷകൻ ജയ്‌ദീപ്‌ഗുപ്‌തയും അഡ്വ. ജി പ്രകാശും ഹാജരായി.
 



deshabhimani section

Related News

View More
0 comments
Sort by

Home