ബജറ്റ്‌ പാസാക്കാനായില്ല ; സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക്‌ 
ഭരണസമിതി പിരിച്ചുവിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 11:29 PM | 0 min read


തിരുവനന്തപുരം
സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ്‌ സമിതി ഭരണം ഏർപ്പെടുത്തി. ശനിയാഴ്ച ചേർന്ന പൊതുയോഗത്തിൽ മുൻവർഷത്തെ കണക്കും നടപ്പ്‌ സാമ്പത്തിക വർഷത്തെ ബജറ്റും അവതരിപ്പിക്കാനാകാതെ ഭരണസമിതി പ്രതിസന്ധിയിലായിരുന്നു. തുടർന്നാണ്‌ സഹകരണവകുപ്പ് നടപടി സ്വീകരിച്ചത്.

ജി ഹരിശങ്കർ (മാവേലിക്കര സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്), ആർ തിലകൻ (പീരുമേട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്),  എം കരുണാകരൻ (തളിപ്പറമ്പ് പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക്) എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ്‌ ബാങ്കിന്റെ ചുമതല. ഹരിശങ്കറാണ്‌ സമിതി കൺവീനർ. ഭരണസമിതി ചുമതലയേറ്റ്‌ ആറുമാസത്തിനകം പൊതുയോഗം ചേർന്ന് കണക്കും ബജറ്റും പാസാക്കണം. ഭൂരിപക്ഷം നഷ്ടമായതിനാൽ യുഡിഎഫ് ഭരണസമിതിക്ക് നിയമം പാലിക്കാനായില്ല. ഇത്‌ മറച്ചുവയ്‌ക്കാൻ ബാങ്ക് പ്രസിഡന്റ്‌ ഏകപക്ഷീയമായി പൊതുയോഗ നടപടി അവസാനിപ്പിച്ച്‌ വേദി വിട്ടുപോയി.

തുടർന്ന്‌ പൊതുയോഗത്തിൽ പങ്കെടുത്ത 40 അംഗസംഘങ്ങളിലെ പ്രതിനിധികൾ സഹകരണസംഘം രജിസ്ട്രാറുടെ ചുമതലയുള്ള അഡീഷണൽ രജിസ്ട്രാർക്ക്‌ (ക്രെഡിറ്റ്) പരാതി നൽകി. നിലവിലെ ഭരണസമിതി കൊണ്ടുവന്ന റിപ്പോർട്ടും കണക്കുകളും പൊതുയോഗം അംഗീകരിക്കാത്തതിനാൽ ഭരണസമിതിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും ഭരണസ്തംഭനം ഒഴിവാക്കാൻ നിയമനടപടി സ്വീകരിക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home