അൻവറിന്‌ ഗൂഢോദ്ദേശ്യം , പിന്നില്‍ മതമൗലികവാദ സംഘടനകള്‍ ; പരിപാടിയില്‍ പങ്കെടുത്തവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല: പാലൊളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 07:01 PM | 0 min read


മലപ്പുറം
പി വി അൻവർ എംഎൽഎ പാർടിയിലും മുന്നണിയിലും പറയാത്ത വിഷയങ്ങൾ പൊടുന്നനെ ഉന്നയിക്കുന്നതിൽ ഗൂഢോദ്ദേശ്യമുണ്ടെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോപണങ്ങൾ ശരിയാണെന്ന്‌ കണ്ടെത്തിയാലേ നടപടി സ്വീകരിക്കാനാവൂ. എന്നാൽ, മുഖ്യമന്ത്രിക്കും പാർടി സെക്രട്ടറിക്കും പരാതി നൽകി നിമിഷങ്ങൾക്കകമാണ്‌ അൻവർ ചാനലുകൾക്കുമുന്നിൽ വിമർശമുന്നയിക്കുന്നത്‌. അന്വേഷണത്തിന്‌ കാത്തുനിൽക്കാൻ തയ്യാറല്ല. അദ്ദേഹത്തിനുപിന്നിൽ സർക്കാർവിരുദ്ധരും സിപിഐ എം വിരുദ്ധരുമുണ്ടെന്ന്‌ വ്യക്തമാണ്‌. അൻവർ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുത്തവരിൽ വലിയൊരു വിഭാഗം ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ പ്രവർത്തകരാണ്‌.

ആർഎസ്‌എസ്‌ ഉൾപ്പെടെ സംഘപരിവാർ ശക്തികളെയും മുസ്ലിം മതമൗലികവാദ സംഘടനകളെയും ഒരുപോലെ എതിർത്താണ്‌ മലപ്പുറം ജില്ലയിൽ പാർടി വളർന്നത്‌. മുസ്ലിംലീഗും ഒരുഘട്ടത്തിൽ കടുത്ത വർഗീയ നിലപാടാണ്‌ പുലർത്തിയത്‌. സ്വാതന്ത്ര്യം കിട്ടിയപ്പോൾ കോൺഗ്രസല്ല, ഹിന്ദുക്കളാണ്‌ രാജ്യം ഭരിക്കാൻ പോകുന്നതെന്നും ഇവിടെ മുസ്ലിങ്ങൾക്ക്‌ ജീവിക്കാനാവില്ലെന്നുമാണ്‌ ലീഗ്‌ നേതാക്കൾ പറഞ്ഞത്‌. അത്തരം വർഗീയ നിലപാടുകളെ എതിർത്തുതോൽപ്പിച്ചാണ്‌ സിപിഐ എം വളർന്നത്‌. ജനങ്ങളെ മതനിരപേക്ഷ ചിന്തയിൽ ഒന്നിച്ചുനിർത്താൻ നേതൃത്വം നൽകുന്ന പാർടിയുടെ നേതാവിനെ വർഗീയവാദിയായി ചിത്രീകരിക്കുന്നതിനുപിന്നിൽ മറ്റു ലക്ഷ്യങ്ങളാണ്‌. നിലമ്പൂരിൽ അൻവറിന്റെ വിജയത്തിനായി പാർടിയെ നയിച്ച നേതാവാണ്‌ അദ്ദേഹം. ഇതെല്ലാം മറന്നാണ്‌ ഒരു സുപ്രഭാതത്തിൽ അദ്ദേഹത്തെ ആർഎസ്‌എസായി ചിത്രീകരിക്കുന്നത്‌. ഇതുവരെ ഇല്ലാത്ത അഭിപ്രായം അദ്ദേഹത്തെക്കുറിച്ച്‌ അൻവറിനുണ്ടായത്‌ ആരെ സന്തോഷിപ്പിക്കാനാണ്‌.

ഇടതുപക്ഷ മുന്നണി വിട്ടുപോകാൻ അൻവറിന്‌ അധികാരമുണ്ട്‌. അതിന്‌ കെട്ടിച്ചമച്ച ആരോപണങ്ങൾ പറയുന്നത്‌ ശരിയല്ല. ഇത്തരം ആരോപണങ്ങളെ നേരിട്ട്‌ വളർന്ന പാർടിയാണിത്‌. അതിൽ തളരില്ല. രാജ്യത്ത്‌ നിലനിൽക്കുന്ന സ്ഥിതിഗതി അനുസരിച്ചാണ്‌ ഓരോ വിഷയത്തിലും പാർടി നിലപാട്‌ സ്വീകരിക്കുകയെന്നും പാലോളി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home