ഹൃദയങ്ങളിൽ
 ചെമ്പനീർപ്പൂവ്‌; പുഷ്പന്‌ വിട നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 12:34 AM | 0 min read

കണ്ണൂർ
ജീവിതംകൊണ്ട്‌ സമരേതിഹാസം രചിച്ച സഖാവ്‌ പുഷ്‌പന്‌ പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യം.  വെടിയുണ്ടകൾക്കുമുന്നിൽ പതറാത്ത പോരാളിയുടെ ജീവിതയാത്രയ്‌ക്ക്‌ വിരാമം.  കൂത്തുപറമ്പ്‌ സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന മേനപ്രത്തെ പുതുക്കുടി പുഷ്‌പൻ മുമ്പേ കടന്നുപോയ അഞ്ച്‌ രക്തതാരകങ്ങൾക്കൊപ്പം അമരസ്‌മരണയായി, തലമുറകൾ ഏറ്റുപാടുന്ന പോരാട്ടവീര്യമായി ജനലക്ഷങ്ങളുടെ ഹൃദയത്തിലേക്ക്‌.

 ശനി പകൽ 3.30ന്‌ കോഴിക്കോട്‌ ബേബി മേമ്മോറിയൽ ആശുപത്രിയിൽ അന്തരിച്ച പുഷ്‌പന്റെ മൃതദേഹം  ഞായർ വൈകിട്ട്‌ അഞ്ചോടെ മേനപ്രത്തെ വീടിനടുത്ത്‌ സിപിഐ എം വാങ്ങിയ സ്ഥലത്ത്‌ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ഞായർ രാവിലെ  കോഴിക്കോട്ടുനിന്നാരംഭിച്ച വിലാപ യാത്രയ്‌ക്കിടെ പ്രിയസഖാവിനെ ഒരുനോക്കുകാണാൻ വഴിനീളെ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. വിലാപയാത്ര കടന്നുവന്ന വഴികളിലെല്ലാം ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചും രക്തപുഷ്പങ്ങൾ വിതറിയും വീരോചിത യാത്രയയപ്പ്.

പൊതുദർശനം നടന്ന കോഴിക്കോട് യൂത്ത് സെന്റർ, തലശേരി ടൗൺഹാൾ, കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം, ചൊക്ലി രാമവിലാസം സ്കൂൾ എന്നിവിടങ്ങളിൽ നിലയ്‌ക്കാതെ ജനമൊഴുകി.  ചിത ആളിക്കത്തുമ്പോഴും ജനപ്രവാഹം തുടർന്നു.  വിദ്യാഭ്യാസക്കച്ചവടവൽക്കരണത്തിനെതിരെ 1994 നവംബർ 25നാണ്‌ കൂത്തുപറമ്പിൽ ഡിവൈഎഫ്ഐ നടത്തിയ സമരത്തിൽ പുഷ്പന്‌ വെടിയേറ്റത്. സുഷുമ്നാ നാഡി തകർന്ന്‌ ശയ്യാവലംബിയായി മുപ്പതാണ്ട്‌. സഹോദരങ്ങളുടെ മക്കളായ രസിൻരാജ്, ജിനീഷ്, നവൽ പ്രകാശ് എന്നിവർ ചിതയ്‌ക്ക്‌ തീകൊളുത്തി. അനുശോചന യോഗത്തിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി.  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌ എന്നിവർ പുഷ്പചക്രമർപ്പിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം എംപി,   സിപിഐ എം  കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി മോഹനൻ, വി ശിവദാസൻ എംപി തുടങ്ങിയവർ അന്ത്യോപചാരമർ
പ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home