റഷ്യയിൽ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2024, 08:59 PM | 0 min read

തൃശൂര്‍> റഷ്യയിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രന്‍റെ (36) മൃതദേഹം നാളെ നാട്ടിലെത്തിക്കും. സൈനിക സേവനത്തിനിടെ  യുക്രെയിനിലെ ഡോണസ്കിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. ഒന്നര മാസത്തിന് ശേഷമാണ് മൃത​​ദേഹം നാട്ടിലെത്തുക്കുന്നത്. നോര്‍ക്ക സിഇഒ അജിത് കോളശ്ശേരിയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ആഗസ്തിലാണ് സന്ദീപ് ചന്ദ്രന്‍റെ മരണം റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി  സ്ഥിരീകരിച്ചത്. ഇന്ന് ദുബായിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് നാളെ പുലർച്ചെ മൂന്നുമണിയോടെ കൊച്ചിയിലെത്തുമെന്നും അധികൃതര്‍ അറിയിച്ചു.

സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം നോര്‍ക്ക തേടിയിരുന്നു.

മോസ്കോയിൽ ഹോട്ടൽ ജോലിക്കായി ഏപ്രിൽ രണ്ടിനാണ്‌ സന്ദീപ്‌ പോയത്‌. എന്നാൽ സൈനിക കാന്റീനിലാണ് ജോലി ലഭിച്ചത്. തുടർന്ന്‌ സൈന്യത്തിന്റെ ഭാഗമാകുകയായിരുന്നു.

റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പാസ്‌പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍, സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായുമുള്ള വിവരവും പുറത്തുവന്നിരുന്നു. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന രീതി റഷ്യയിലുണ്ട്. റഷ്യൻ പൗരത്വം സ്വീകരിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ നിരവധി കടമ്പകൾ കടക്കേണ്ടി വന്നിരുന്നു. റഷ്യൻ സേനയിൽ അംഗമാണെന്നതും തടസ്സമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home