ഗോത്രജനതയ്‌ക്ക്‌ വീട് നിര്‍മിക്കുന്നതിന് ലാൻഡ്‌ ബാങ്കിൽ ഭൂമി നൽകും: മന്ത്രി ഒ ആര്‍ കേളു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 07:34 PM | 0 min read

തൃശൂർ
ഭൂരഹിത ഭവനരഹിതരായ ഗോത്ര വിഭാഗക്കാർക്ക് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് നിർമിക്കാൻ ആവശ്യമായ ഭൂമി ലാൻഡ്‌ ബാങ്കിൽ ലഭ്യമാക്കുമെന്ന് മന്ത്രി ഒ ആർ കേളു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി പട്ടികജാതി, പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പുതല പദ്ധതികളുടെ ജില്ലാതല അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ഏതെല്ലാം സങ്കേതങ്ങളിലാണ് ഗതാഗത യോഗ്യമല്ലാത്ത റോഡുകളുള്ളതെന്നും കുടിവെള്ളം, വൈദ്യുതി സൗകര്യങ്ങളില്ലാത്തതെന്നും കണ്ടെത്തി റിപ്പോർട്ട് നൽകണമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിൽ നടപ്പിലാക്കിയ എബിസിഡി പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കും. ഗോത്രവർഗക്കാർക്ക് ആധികാരിക രേഖകൾ ലഭ്യമാക്കി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുന്ന പദ്ധതിയാണിത്‌. ജില്ലയിലെ സ്‌കൂളുകളിൽ നിന്നും പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പുകൾ നടപ്പാക്കുന്ന വിവിധ പദ്ധതികൾ,  അംബേദ്‌കർ ഗ്രാമം പദ്ധതി, കോർപ്പസ് ഫണ്ട് വിനിയോഗം എന്നിവയും മന്ത്രി വിലയിരുത്തി.  

യോഗത്തിൽ എംഎൽഎമാരായ എ സി മൊയ്തീൻ, സി സി മുകുന്ദൻ, എൻ കെ അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി,  കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി  പൊലീസ് കമീഷണർ ആർ  ഇളങ്കോ, റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ തുടങ്ങിയവർ പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home