എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്‌; അനാട്ടമി വിഭാഗത്തിന്‌ കൈമാറും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 09:31 PM | 0 min read

കൊച്ചി> സിപിഐ എം നേതാവ്‌ എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്‌ വിട്ടു കൊടുക്കാൻ തീരുമാനം. എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയുടേതാണ്‌ തീരുമാനം. മൃതദേഹം പള്ളിയിൽ അടക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇളയമകൾ തർക്കമുന്നയിച്ചിരുന്നു. തുടർന്ന്‌ ഇവർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ്‌ മെഡിക്കൽ കോളേജിൽ ഹിയറിങിന്‌ നടത്തി തീരുമാനമെടുത്തത്‌. മൃതദേഹം എംബാം ചെയ്‌ത്‌ സൂക്ഷിക്കാൻ അനാട്ടമി വിഭാഗത്തിന്‌ കൈമാറും.

ബുധനാഴ്‌ച പ്രിൻസിപ്പൽ ഡോ. എം എസ്‌ പ്രതാപ്‌ സോംനാഥ്‌ അധ്യക്ഷനായ സമിതി നടത്തിയ ഹിയറിങിൽ മക്കളായ അഡ്വ. എം എൽ സജീവൻ, സുജാത ബോബൻ, ആശ എന്നിവരും മറ്റ്‌ രണ്ട്‌ ബന്ധുക്കളും മൊഴി നൽകിയിരുന്നു. ഇത്‌ പരിശോധിച്ച ശേഷം രാത്രി ഒമ്പതോടെയാണ്‌ സമിതി തീരുമാനം പ്രഖ്യാപിച്ചത്‌. ഹിയറിങ്ങിനിടെ മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘത്തെ ഭീഷണിപ്പെടുത്തിയ സംഘപരിവാറുകാരനായ അഭിഭാഷകനെതിരെ കേസെടുത്തു.

എം എം ലോറൻസ്

ലോറൻസിന്റെ മകൾ ആശയ്‌ക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ ആർ കൃഷ്‌ണരാജാണ്‌ ഫോണിലൂടെ വധഭീഷണി മുഴക്കിയത്‌. കൃഷ്‌ണരാജിനെതിരെ പ്രിൻസിപ്പൽ ഡോ. എം എസ്‌ പ്രതാപ്‌ സോംനാഥ്‌ കളമശേരി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു. ബന്ധുക്കളുടെ മൊഴിയെടുക്കുന്നതിനിടെയാണ്‌ ഫോൺ വന്നത്‌. ആശയ്‌ക്കൊപ്പമെത്തിയ കൃഷ്‌ണരാജിന്റെ ജൂനിയർ അഭിഭാഷക ലക്ഷ്‌മിപ്രിയയുടെ ഫോണിലേക്കായിരുന്നു കോൾ. അവർ ലൗഡ്‌ സ്‌പീക്കറിലിട്ട്‌ കൃഷ്‌ണരാജിന്റെ ഭീഷണി ഡോക്ടർമാരെ കേൾപ്പിക്കുകയായിരുന്നു. തങ്ങൾക്ക്‌ അനുകൂലമായി തീരുമാനമെടുത്തില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന്‌ പ്രിൻസിപ്പൽ പരാതിയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home