ഇന്ത്യക്കറിയാം തൈക്കാട്‌ ഹോക്കി ക്ലബ്ബിനെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 11:56 AM | 0 min read

തിരുവനന്തപുരം > ഹോക്കി സ്‌റ്റിക്കുകൾ ഗ്രൗണ്ട്‌ തൊടുമ്പോൾ തിരുവനന്തപുരം ആർത്തുവിളിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. നിരവധി ടൂർണമെന്റുകളിലൂടെ പ്രഗത്ഭരായ താരങ്ങളെ സൃഷ്ടിച്ച് തലസ്ഥാനത്തിന്‌ ഹോക്കി പാരമ്പര്യം വളർത്തിയെടുത്തത്‌ ഒരു കൂട്ടായ്‌മയിലൂടെയാണ്‌. നവതിയിലേക്കെത്തുന്ന ആ കൂട്ടായ്‌മയുടെ പേരാണ്‌ ‘തൈക്കാട്‌ ഹോക്കി ക്ലബ്’.

ഇന്ത്യയിൽ ക്രിക്കറ്റ്‌ ലഹരി പടരുന്നതിന്‌ മുമ്പുവരെ മൈതാനങ്ങളെ ആവേശം കൊള്ളിച്ച ക്ലബാണിത്‌. 1936ൽ ബ്രിട്ടീഷുകാർ രൂപീകരിച്ച ക്ലബ്  തലസ്ഥാനത്തിന്‌ അഭിമാനമായി വളരുകയായിരുന്നു. ഇടക്കാലത്ത്‌ പ്രതാപം മങ്ങിയെങ്കിലും 90 വർഷം പൂർത്തീകരിക്കുന്നവേളയിൽ ഓൾ ഇന്ത്യ ടൂർണമെന്റ്‌ സംഘടിപ്പിച്ച്‌ ഹോക്കി ആവേശം തിരിച്ചുകൊണ്ടുവരാനാണ്‌ തീരുമാനം.

ഇന്ത്യൻ ഹോക്കിയുടെ അഭിമാനതാരവും മുൻ ക്യാപ്‌റ്റനുമായ പി ആർ ശ്രീജേഷ്‌ ആദ്യമായി ഗോൾ കീപ്പറുടെ പാഡണിഞ്ഞ്‌ മത്സരത്തിനിറങ്ങിയത്‌ ജില്ലാ ഹോക്കി അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ലീഗ് ചാമ്പ്യൻഷിപ്പിലാണ്‌. ഇന്ത്യക്കും കേരളത്തിനും നിരവധി താരങ്ങളെ സമ്മാനിച്ച ക്ലബ് ഇപ്പോൾ അറിയപ്പെടുന്നതും ‘ശ്രീജേഷിന്റെ ക്ലബ്’ എന്നാണ്‌. ശ്രീജേഷിന്റെ പരിശീലകരായ ജയകുമാർ, രമേഷ്‌ കോലപ്പ, കേരള ടീം ക്യാപ്‌റ്റനായിരുന്ന ഗോപി, ശശികുമാർ, ഇന്ത്യൻ താരങ്ങളായ പ്രവീൺകുമാർ, നിധീഷ്‌, വിവേക്‌, വിനീത്‌, എസ്‌ എൽ സെൻ, കേരള ടീം പരിശീലകൻ  കിരൺകുമാർ, ക്ലബ്ബിന്റെ നിലവിലെ സെക്രട്ടറിയും ദേശീയ താരവുമായ സജുകുമാർ തുടങ്ങി ഒട്ടേറെ താരങ്ങൾ തൈക്കാട്‌ ക്ലബ്ബിൽനിന്നുയർന്നുവന്നവരാണ്‌.

തൈക്കാട്‌ ഹോക്കി ക്ലബ്ബ്‌ പഴയ ടീം അംഗങ്ങൾ (ഫയൽ ചിത്രം)

സ്വന്തമായി ഒരു ഗ്രൗണ്ട്‌ ഇല്ലാതെ, തൈക്കാട്‌ പൊലീസ്‌ മൈതാനത്ത്‌ ടൂർണമെന്റുകൾ സംഘടിപ്പിച്ചാണ്‌ ക്ലബ് പടർന്നുപന്തലിച്ചത്‌. സ്‌കൂൾ, കോളേജ്‌, ജില്ലാ മത്സരങ്ങൾ തുടങ്ങിയവ നിറഞ്ഞകാണികളുടെ സാന്നിധ്യത്തിൽ ഈ മൈതാനത്ത്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. കേരള പൊലീസ്‌, ആർമി, സിആർപിഎഫ്‌, വിഎസ്‌എസ്‌ഇ, കോസ്‌മോസ്‌, സ്‌പോട്ടിങ്‌ ക്ലബ് തുടങ്ങിയ നിരവധി ടീമുകൾ ലീഗ്‌ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്‌. വി പി സദാനന്ദനായിരുന്നു പരിശീലകൻ.

1983ൽ ഇന്ത്യ ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടിയതോടെ മലയാളികൾക്കും ഹോക്കിയോടുള്ള ഭ്രമം കുറഞ്ഞുവന്നു. തൈക്കാട്‌ മൈതാനത്തും ക്രിക്കറ്റ്‌ ടൂർണമെന്റുകൾ നിറഞ്ഞതോടെ വലിയ മത്സരങ്ങളൊന്നും സംഘടിപ്പിക്കാൻ കഴിയാതെ ക്ലബ് നിറം മങ്ങി. പുതിയ താരങ്ങളെ വളർത്തിയെടുക്കാനും ടൂർണമെന്റുകൾ സംഘടിപ്പിക്കാനും സ്ഥിരമായി ഒരു ഗ്രൗണ്ട്‌ അനുവദിക്കണമെന്നതാണ്‌ ക്ലബ്ബിന്റെ ആവശ്യം. മുൻ കേരളാ സ്പോർട്സ് കൗൺസിൽ പരിശീലകൻ രവീന്ദ്രൻ നായർ ആണ് ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റ്‌.

പി ആർ ശ്രീജേഷ്‌ വിരമിച്ചപ്പോൾ തൈക്കാട്‌ ഹോക്കി ക്ലബ്ബ്‌ അംഗങ്ങൾ ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂളിലെ ടർഫിലെത്തി അദ്ദേഹത്തിന്റെ ജഴ്‌സി അണിഞ്ഞ്‌ ആദരം അർപ്പിക്കുന്നു



deshabhimani section

Related News

View More
0 comments
Sort by

Home