കോട്ടയം ജില്ലയിൽ 9.83 കോടിയുടെ വിവിധ പദ്ധതികൾ: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 10:32 PM | 0 min read

കോട്ടയം> സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപതംബര്‍ 24ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 10 മണിക്ക് വാഴൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മന്ദിരത്തിന്റെ ഉദ്ഘാടനം, 11 മണിക്ക് വാഴപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മന്ദിര ഉദ്ഘാടനം, 12 മണിക്ക് പുനര്‍ജനി പദ്ധതി ഉദ്ഘാടനം, ഉച്ചയ്ക്ക് രണ്ടിന്‌ ജനറല്‍ ആശുപത്രി പബ്ലിക് ഹെല്‍ത്ത് ലാബ് മന്ദിരം, വൈകുന്നേരം മൂന്നിന്‌ കോട്ടയം മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടം എന്നിവ നിര്‍വഹിക്കും. മന്ത്രി വി എന്‍ വാസവന്‍, ചീഫ് വിപ്പ് എന്‍ ജയരാജ്, ജോബ് മൈക്കിള്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ അധ്യക്ഷനാകും.

30 ലക്ഷം രൂപ വിനിയോഗിച്ചാണ് വാഴൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി പുതിയ ഒപി കെട്ടിടം സജ്ജമാക്കിയത്. 1.45 കോടി രൂപ ചെലവഴിച്ചാണ് 4500 ചതുരശ്ര അടി വിസ്തൃതിയില്‍ വാഴപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളപ്പൊക്ക ഭീക്ഷണിയെ പ്രതിരോധിക്കാവുന്ന രീതിയിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതിയാണ് പുനര്‍ജനി. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസകരമാകുന്ന രീതിയില്‍ ജീവരക്ഷാ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനായി കോട്ടയം ജില്ലാ പഞ്ചായത്താണ് കോട്ടയം ജനറല്‍ ആശുപത്രി വഴി പുനര്‍ജനി നടപ്പാക്കുന്നത്. 30 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.

കോട്ടയം ജനറല്‍ ആശുപത്രിയില്‍ 1.25 കോടി രൂപ ചെലവഴിച്ചാണ് പബ്ലിക് ഹെല്‍ത്ത് ലാബ് സജ്ജമാക്കിയത്. ബയോകെമിസ്ട്രി, പതോളജി, മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നടക്കുന്ന ലബോറട്ടറി പരിശോധനകള്‍ ഇനി മുതല്‍ ഇവിടെ സാധ്യമാകും. നിപ, കോവിഡ് പോലുള്ള സംക്രമിക രോഗങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലെവല്‍ 2 തലങ്ങളില്‍ നടക്കുന്ന ലബോറട്ടറി പരിശോധനകള്‍, ഹബ് & സ്‌പോക്ക് രീതിയില്‍ ലബോറട്ടറി പരിശോധനകള്‍ എന്നിവ ഇവിടെ നടത്തുവാന്‍ സാധിക്കും എന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്.

മെഡിക്കല്‍ കോളേജില്‍ 20 ലക്ഷം രൂപ ചെലവഴിച്ചുള്ള മെയിന്‍ അലുമ്‌നി ഗേറ്റ്, 25 ലക്ഷം രൂപ ചെലവഴിച്ചുള്ള കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രം, 80 ലക്ഷം ചെലവഴിച്ചുള്ള സൈക്കോ സോഷ്യല്‍ റിഹാബ് ഏരിയ, 96 ലക്ഷം രൂപ ചെലവഴിച്ചുള്ള ഡോണര്‍ ഫ്രണ്ട്‌ലി ബ്ലഡ് സെന്ററും അക്കാഡമിക് ഏരിയയും, അത്യാഹിത വിഭാഗം ഗേറ്റിന്റെ ശിലാസ്ഥാപനം, ജോണ്‍ ബ്രിട്ടാസിന്റെ എംപി ഫണ്ടില്‍ നിന്നുള്ള 98 ലക്ഷം ചെലവഴിച്ചുള്ള ഉപകരണങ്ങള്‍, 1.85 കോടി രൂപ ചെലവഴിച്ചുള്ള അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് ടവര്‍, 50 ലക്ഷം ചെലവഴിച്ച് സൂപ്രണ്ട് ഓഫീസിലെ ഫയല്‍ റെക്കോര്‍ഡ് ലൈബ്രറി എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home