Deshabhimani

ഗവർണറുടെ ഭരണഘടനാവിരുദ്ധ നടപടി: സ്ഥിരം വിസിമാർ ഇല്ലാതാകുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 09:56 PM | 0 min read

തിരുവനന്തപുരം > സംഘപരിവാർ അജണ്ട സർവകലാശാലകളിൽ നടപ്പാക്കുന്ന ഗവർണറുടെ ഭരണഘടനാവിരുദ്ധ നടപടികളിൽ സ്ഥിരം വിസിമാരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നു. ഒക്ടോബർ 16ന്‌ ഡിജിറ്റൽ വിസി ഡോ. സജി ഗോപിനാഥും 29ന്‌ ആരോഗ്യ സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മേലും വിരമിക്കും. ഇതോടെ സംസ്ഥാനത്തെ 15 സർവകലാശാലകളിലും സ്ഥിരം വിസിമാർ ഇല്ലാതാകും. വിസിമാരെ നിയമിക്കാനുള്ള സെർച്ച്‌ കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ സ്വീകരിച്ച ക്രമവിരുദ്ധ നടപടികളാണ്‌ സ്ഥിരം വിസി നിയമനം അനിശ്ചിതത്വത്തിലാക്കിയത്‌. സര്‍വകലാശാലാ പ്രതിനിധികളെ ഉൾപ്പെടുത്താതെ ഗവർണർ രൂപീകരിച്ച ആറ്‌ സെർച്ച്‌ കമ്മിറ്റികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

യുജിസിയുടെ 2018 റഗുലേഷൻ പ്രകാരം യുജിസി നോമിനിയെ ഉൾപ്പെടുത്തി അക്കാദമിക് മേഖലയിലുള്ളവരുടെ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കണമെന്നാണ് വ്യവസ്ഥ. സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന വ്യക്തിയെ വൈസ് ചാൻസലറായി ചാൻസലർ നിയമിക്കും. വൈസ് ചാൻസലർ‌ നിയമനത്തിനുമാത്രമാണ് ചാൻസലർക്ക് അധികാരം.

സെർച്ച് കമ്മിറ്റിയിൽ മൂന്നുമുതൽ അഞ്ചുവരെ അംഗങ്ങൾ വേണമെന്നാണ് യുജിസി നിബന്ധന. ഇതനുസരിച്ച് നിയമസഭ നിയമനിർമാണം പൂർത്തിയാക്കിയെങ്കിലും ചാൻസലർ അംഗീകരിച്ചിട്ടില്ല. ചാൻസലർ, വൈസ് ചാൻസലർ സ്ഥാനങ്ങളിൽ അക്കാദമിക്‌ നിലവാരമുള്ള വിഷയവിദ​ഗ്ധരെ ഉൾപ്പെടുത്തണമെന്നും യുജിസി മാനദണ്ഡപ്രകാരം അഞ്ചം​ഗ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നുമാണ് നിയമസഭ പാസാക്കിയ സർവകലാശാലാ ഭേദഗതി ബില്ലിലെ ശുപാർശ. ഇത്‌ മാസങ്ങൾ പിടിച്ചുവച്ചശേഷം രാഷ്ട്രപതിക്ക്‌ അയക്കുകയായിരുന്നു ഗവർണർ. വിസിമാരെ അടിയന്തിരമായി നിയമിക്കാൻ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡോ. മേരി ജോർജ്ജ്‌ നൽകിയ ഹർജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.



deshabhimani section

Related News

0 comments
Sort by

Home