ട്രെയിൻ യാത്രാദുരിതം; അടിയന്തര നടപടി വേണം: ഡിവൈഎഫ്‌ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 09:46 PM | 0 min read


തിരുവനന്തപുരം > കേരളത്തിലെ ട്രെയിൻ യാത്രാദുരിതം അവസാനിപ്പിക്കാൻ റെയിൽവെയും കേന്ദ്ര സർക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

നിലവിൽ ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നില്ല. വന്ദേഭാരതിന്റെ പേരിൽ മറ്റു ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നു. യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച് കോച്ചുകൾ വർധിപ്പിക്കുന്നില്ലെന്നു മാത്രമല്ല, നിലവിലുള്ള കോച്ചുകൾകൂടി വെട്ടിക്കുറയ്‌ക്കുകയാണ്‌. കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ പരിണിതഫലമാണ് ഈ യാത്രാദുരിതം. ആളുകൾ ട്രെയിനിൽ ബോധം കെട്ടുവീഴുന്നത്‌ പതിവായി.

സാധാരണ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ പുതിയ ട്രെയിനുകളും നിലവിലുള്ള ട്രെയിനുകളിൽ പുതിയ ബോഗികളും അനുവദിക്കുന്നില്ല. റെയിൽ പാതയുടെ വളവുകൾ നിവർത്താനോ റെയിൽവേ വികസനം ത്വരിതപ്പെടുത്താനോ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല.

കേരളത്തിലെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന കെ-റെയിൽ പോലുള്ള പദ്ധതികൾ മുടക്കുന്ന കേന്ദ്രസർക്കാരും കേരളത്തിലെ പ്രതിപക്ഷവും ഈ യാത്ര ദുരിതത്തിന് മറുപടി പറയേണ്ടതുണ്ട്. കെ-റെയിൽ അനിവാര്യമാണെന്നാണ് ഈ ദുരിതം നമ്മോട് പറയുന്നതെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ ഓർമിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home