പോരാട്ടം കത്തിയ കാലം: പള്ളിമുറ്റത്തെ കമ്മ്യൂണിസ്റ്റ് വിവാഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 02:54 PM | 0 min read

കമ്യൂണിസ്റ്റ് നേതാവ് എം എം ലോറൻസ്  വിവാഹിതനാകുന്നത് പള്ളിക്കും പട്ടക്കാർക്കുമെതിരെയുള്ള പോരാട്ടകാലത്തൊണ്.  ലോറൻസിന്റ വിവാഹം പാർടി കമ്മിറ്റി ഭൂരിപക്ഷത്തെ തുടർന്നെടുത്ത തീരുമാനമായിരുന്നു. അന്ന് പി ഗംഗാധരൻ പാർടി ജില്ലാ സെക്രട്ടറിയായിരുന്ന കാലം. കെ സി മാത്യു, സി ടി സേവ്യർ, കെ എ രാജൻ, ടി കെ രാമകൃഷ്ണൻ, ഇ കെ നാരായണൻ തുടങ്ങിയവർക്കൊപ്പം ലോറൻസും കമ്മിറ്റിയിൽ ഉൾപ്പെട്ടു.

കമ്യൂണിസ്റ്റ് കുടുംബത്തിലെ അം​ഗമായതിനാൽ വിവാഹം മുടങ്ങി പോകുന്ന ഒരു പെൺകുട്ടി തെക്കേ ചെല്ലാനത്തുണ്ടെന്ന് പി ഗംഗാധരന് വിവരം ലഭിക്കുന്നത് അക്കാലത്താണ്. തോപ്പുംപടി  ട്രാൻസ്പോർട് തൊഴിലാളികളുടെ സമരത്തിൽ പെൺകുട്ടിയുടെ (ബേബി) കുടുംബത്തിലെ ചില കമ്മ്യൂണിസ്റ്റുകാർ അറസ്റ്റ് വരിച്ചു. ഇതോടെയാണ് ചെല്ലാനത്തെ പ്രമാണി കുടുംബമായിരുന്ന പൊള്ളയിൽ 'കമ്യൂണിസ്റ്റ് കുടുംബം' എന്ന് അറിയപ്പെടാൻ തുടങ്ങിയത്. 

എഐടിയുസി ഓഫീസ് സെക്രട്ടറി എസ് എൽ ജോസിനെയോ ലോറൻസിനെയോകൊണ്ട് ബേബിയെ വിവാഹം  കഴിപ്പിക്കാമെന്ന് നിർദേശമുയർന്നു. മൂത്ത സഹോദരന്റെ വിവാഹത്തിന് ശേഷം മാത്രമെ   ജോസിന്റെ വിവാഹം നടക്കുകയുള്ളുവെന്ന് കുടുംബം നിലപാടെടുത്തതോടെ അടുത്ത ഊഴം ലോറൻസിന്റേതായിരുന്നു. ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വിവാഹം കഴിക്കാമെന്ന് ലോറൻസും ഉറപ്പിച്ചു. കല്യാണക്കാര്യങ്ങൾ ക്രമീകരിക്കാൻ ചെല്ലാനം ഭാഗത്തെ നേതാവ്  ഇ കെ നാരായണനെ പാർടി ചുമതലപ്പെടുത്തി. അന്ന് ലോറൻസിന് 29 വയസായിരുന്നു.

കല്യാണം പള്ളിയിൽ വച്ച് നടത്തണമെന്ന് പെൺകുട്ടിയുടെ സഹോദരൻ ടോമിക്ക് നിർബന്ധമുണ്ടായിരുന്നു. ഈ നിബന്ധന കമ്മ്യൂണിസ്റ്റുകർ അം​ഗീകരിക്കാനിടയില്ല, അങ്ങനെ ഈ വിവാഹവും മുടങ്ങുമെന്ന് കരുതി. പള്ളിയിൽ വിവാഹം നടത്താൻ ലോറൻസ് തയാറായിരുന്നില്ല. പാർടിയിൽ പള്ളിയിൽ വെച്ചുള്ള വിവാഹത്തിന് ലോറൻസ് ഒഴികെയുള്ള എല്ലാവരും അനുകൂലിച്ചു. പാർടി ഏറ്റെടുത്ത വിവാഹമാണെന്നും ആ കുടുംബത്തെ കൈവിടാനാകില്ലെന്നും സഹയാത്രികർ പറഞ്ഞതോടെ ലോറൻസും സമ്മതിച്ചു.

വിവാഹം നടത്താൻ പിന്നെയും ഒരുപാട് കടമ്പകളുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരനെ കല്യാണം കഴിപ്പിക്കാൻ സമ്മതമല്ലെന്ന് പോഞ്ഞിക്കര പള്ളി വികാരി പറഞ്ഞതോടെ അവിടെയും തടസം. പിന്നീട് ഒരു കേസിലുൾപ്പെട്ട് ലോറൻസിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നു. വിവാഹം മുടങ്ങുമെന്നാണ് കരുതിയത്. എന്നാൽ ജയിൽ മോചിതനായപ്പോൾ അങ്കമാലി ബിഷപ്പിനെ വിവാഹക്കാര്യം അറിയിച്ചു. പിന്തുണയായി പി ജെ ആന്റണി(നടൻ), കേരള ഭൂഷണം പത്രത്തിലെ അവരാ തരകൻ, എം എം പീറ്റർ എന്നിവർ ഒപ്പം കൂടി. ഒട്ടേറെ പ്രതിസന്ധികൾക്കൊടുവിൽ  തൃപ്പുണിത്തറ നടമേൽ പള്ളിയിൽ 1959 മെയ് 25ന് ലോറൻസിന്റെ വിവാഹം നടന്നു.






 



deshabhimani section

Related News

View More
0 comments
Sort by

Home