വീണ്ടും ലോഹഭാഗവും കയറും കിട്ടി ; ഷിരൂരിൽ വിശദ തിരച്ചിൽ ഇന്നുമുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 01:02 AM | 0 min read


അങ്കോള
ഷിരൂരിൽ മണ്ണിടിഞ്ഞ സ്ഥലത്ത്‌ വിശദ തിരച്ചിലിനായി ഗോവയിൽനിന്നെത്തിച്ച കൂറ്റൻ ഡ്രഡ്‌ജർ നങ്കൂരമിട്ടു. ജില്ലാ അധികൃതരുടെ അനുമതി വൈകിയതിനാൽ വെള്ളി വൈകിട്ട്‌ ആറിനാണ്‌ ഡ്രഡ്‌ജർ തിരച്ചിൽസ്ഥലത്ത്‌ ഉറപ്പിച്ചത്‌. ശനി രാവിലെ എട്ടുമുതൽ മണ്ണുനീക്കും. കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുനടക്കം മൂന്നുപേരെ കണ്ടെത്താനാണ്‌ മൂന്നാംവട്ടം തിരച്ചിൽ. അർജുന്റെ ട്രക്കിന്റേതെന്ന്‌ കരുതുന്ന ലോഹഭാഗവും കയറും പ്രാഥമിക പരിശോധനയിൽ കിട്ടി. മുമ്പ്‌ നാവികസേന ലോഹ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്തുനിന്നാണിത്‌.

ഗംഗാവലിപ്പുഴയിൽ വെള്ളം കുറവായതിനാൽ വെള്ളി രാവിലെ 10ന്‌ വേലിയേറ്റ സമയത്താണ്‌ ഷിരൂരിനടുത്തുള്ള റെയിൽവേപ്പാലം  ഡ്രഡ്‌ജർ മറികടന്നത്‌. അപകടം നടന്ന സ്ഥലത്തുനിന്ന് അരക്കിലോമീറ്റർ താഴെ ഡ്രഡ്‌ജർ നിർത്തി ഉപകരണങ്ങൾ ഘടിപ്പിച്ചു. 12.30ന്‌ തിരച്ചിലിന്‌ സജ്ജമായെങ്കിലും അനുമതി കിട്ടിയില്ല. വൈകിട്ട്‌ അഞ്ചിന്‌ കലക്ടറും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും  ജില്ലാ പൊലീസ്‌ മേധാവിയും സ്ഥലത്തെത്തിയാണ്‌ അനുമതി നൽകിയത്‌. മൂന്നു ദിവസം രാവിലെ എട്ടുമുതൽ വൈകിട്ട്‌ ആറുവരെ മണ്ണുനീക്കി തിരയാനാണ്‌ തീരുമാനം.

ഡ്രഡ്‌ജർ ഉപയോഗിച്ച് മണ്ണ് നീക്കംചെയ്യുന്നതിനുമ്പ് മുങ്ങി പരിശോധന നടത്തണമെന്നും ഇതിന്‌ അനുമതി ലഭിച്ചില്ലെന്നും സ്ഥലത്തുള്ള മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ പറഞ്ഞു. മൂന്നു ദിവസത്തെ കരാറാണ്‌ കമ്പനിക്കുള്ളതെന്ന്‌ ഡ്രഡ്‌ജർ കമ്പനി എംഡി മഹേന്ദ്ര ഡോഗ്രെ പറഞ്ഞു. ആവശ്യമെങ്കിൽ കരാർ നീട്ടുമെന്നും അദ്ദേഹം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home