കലയിലും ജീവിതത്തിലും അമ്മയായ പൊന്നമ്മ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 07:29 PM | 0 min read

തിരുവനന്തപുരം> സിനിമയിലും ജീവിതത്തിലും മാതൃത്വത്തിന്റെ പേരില്‍ അറിയപ്പെട്ട അപൂര്‍വ്വം നടിമാരിലൊരാള്‍. നാല് തലമുറകള്‍ക്ക് അമ്മയായി മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം അവര്‍ നടന്നു. ജീവിതം സിനിമയും സിനിമ ജീവിതവുമാക്കി മാറ്റിയ കലാകാരി. കവിയൂര്‍ പൊന്നമ്മ എന്ന പേരിനൊപ്പം അമ്മയെന്ന് കൂടി മലയാള സിനിമ ലോകം കൂട്ടിച്ചേര്‍ത്തപ്പോള്‍ കാലത്തിനൊപ്പം സഞ്ചരിച്ച  വാക്കായി അത് മാറുകയായിരുന്നു.

  പ്രേം നസീറില്‍ തുടങ്ങി പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവരുടെ  തലമുറകള്‍ക്കൊപ്പമെത്തിനില്‍ക്കുന്നു ആ സിനിമാ യാത്ര. ഓര്‍മകളില്‍ മലയാള സിനിമയുടെ സുവര്‍ണ കാലത്തെ അതികായരായ സംവിധായകര്‍ക്കൊപ്പം വെള്ളിത്തിരയില്‍ തെളിഞ്ഞാടുമ്പോള്‍, വേദനയും ആനന്ദവും വിഷാദവും വൈകാരിതകയും ഒത്തുചേര്‍ന്ന കവിയൂര്‍ പൊന്നമ്മയുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും പ്രേക്ഷകരുടെ കണ്ണുനിറയ്ക്കുന്ന കാഴ്ചയായി.

തിങ്കളാഴ്ച നല്ല ദിവസം, വല്‍സല്യം, തനിയാവര്‍ത്തനം, കിരീടം, തേന്‍മാവിന്‍ കൊമ്പത്ത്, റണ്‍വെ, ചെങ്കോല്‍, ഇന്‍ഹരിഹര്‍ നഗര്‍ തുടങ്ങി നൂറ് കണക്കിന് ചിത്രങ്ങളില്‍ അവര്‍ അമ്മ വേഷത്തിന്റെ വ്യത്യസ്ത ഭാവതലങ്ങള്‍ മലയാളികളുടെ ഹൃദയത്തിലേക്കെത്തിച്ചു.

മകന്‍ പൊന്നുമായി വന്ന് അമ്മയെ കൊണ്ടുപോകുന്ന അന്‍ഡ്രൂസിന്റെയും അമ്മച്ചിയുടെയും കഥ പറയുന്ന സിദ്ദിഖ് ലാല്‍ ചിത്രം ഇന്‍ഹരിഹര്‍ നഗറും മകനെ വിഷം കൊടുത്ത് കൊല്ലേണ്ടി വരുന്ന തനിയാവര്‍ത്തനവും  ഭ്രാന്തിന് ചങ്ങലയിട്ട് കഴിയുന്ന ഹിസ് ഹൈനസ് അബ്ദുള്ളയിലെ, അപകടത്തില്‍ മരിച്ച ഉണ്ണിയെ കാത്തിരിക്കുന്ന അമ്മയുമെല്ലാം അഭ്രപാളികളില്‍ മലയാള സിനിമയക്ക് മുതല്‍കൂട്ടായ പൊന്നമ്മ വേഷങ്ങളായിരുന്നു.

ഏത് സൂപ്പര്‍ താരങ്ങളുണ്ടെങ്കിലും മറുഭാഗത്ത് അമ്മ കഥാപാത്രമായി കവിയൂര്‍ പൊന്നമ്മയുണ്ടെങ്കില്‍ അമ്മ-മകന്‍ കഥാപാത്രങ്ങള്‍ പൂര്‍ണതയിലെത്തിയതായി പല സംവിധായകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വളരെ ചെറിയ പ്രായത്തില്‍ കലാരംഗത്തെത്തിയിട്ടും അമ്മവേഷത്തില്‍ തന്നെ ആദ്യകാലം തൊട്ട് അഭിനയിക്കാന്‍ ഈ നടിക്ക് ഒരു മടിയുമുണ്ടായില്ല.

 ടൈപ് കാസ്റ്റ് ചെയ്യപ്പെടുമെന്നും പ്രായംതോന്നാതിരിക്കാന്‍ പൊന്നമ്മ എന്ന പേരുമാറ്റാനും പലരും ആവശ്യപ്പെട്ടിട്ടും അവര്‍ കുലുങ്ങിയില്ല. ഒടുവില്‍, സിനിമ മേഖലയില്‍ വലിയ രീതിയില്‍ ദോഷം ചെയ്യുമെന്ന് പറഞ്ഞ ഈ രണ്ട് കാര്യങ്ങള്‍ തന്നെ കാലങ്ങള്‍ കഴിയവെ കവിയൂര്‍ പൊന്നമ്മ എന്ന നടിയെ സിനിമ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന പേരും വേഷവുമായി.

അമ്മയായി വേഷമിട്ട് പിന്നീടത് തുടര്‍ന്നപ്പോള്‍ അവര്‍ പോലുമറിയാതെ ആ വേഷത്തോട് വല്ലാത്തൊരാഭിമുഖ്യം സ്വയമവര്‍ക്ക് തോന്നിയിട്ടുണ്ടാകാം. പൊന്നമ്മചേച്ചിയെന്ന വിളിയും, സൂപ്പര്‍സ്റ്റാറുകളുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട് എന്ന അഭിമാനത്തോടെയുള്ള അവരുടെ പറച്ചിലും ഇതൊക്കെയാകാം ഒരുപക്ഷെ സൂചിപ്പിച്ചിട്ടുണ്ടാവുക.

 എന്ത് തന്നെയായാലും മലയാള സിനിമയുടെ ചരിത്രത്തില്‍ മറ്റേതൊരു നടിയേക്കാളുമധികം അമ്മവേഷം കൈകാര്യം ചെയ്യുകയും അതില്‍ വിജയിക്കുകയും ആ പേരില്‍ ലോകമറിയുകയും കൂടി ചെയ്ത അതുല്യ കലാകാരിയാണ് ഇപ്പോള്‍ നമ്മോട് വിടപറഞ്ഞിരിക്കുന്നത്

മലയാള സിനിമയെ രാജ്യത്തെ തന്നെ മികച്ച കലാരൂപമാക്കാന്‍ സഹായിച്ച ഒരുപിടി അതുല്യ പ്രതിഭകളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളില്‍ നമ്മെ വിട്ടുപിരിഞ്ഞത്‌. ആ നിരയിലേക്ക്  കവിയൂര്‍ പൊന്നമ്മ എന്ന് പേര് കൂടി നമുക്കെഴുതിച്ചേര്‍ക്കാം


 



deshabhimani section

Related News

View More
0 comments
Sort by

Home