കാവ്യം കലാജീവിതം; ​ഗായികയിൽ നിന്നും അഭിനേത്രിയിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 07:07 PM | 0 min read

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചുവെങ്കിലും പ്രേഷകരുടെ മനസിൽ കവിയൂർ പൊന്നമ്മ എന്നും അമ്മ മുഖമായിരുന്നു. ഒരു ​ഗായികയിൽ നിന്നും അഭിനയ രം​ഗത്തേക്കുള്ള പകർന്നാട്ടമായിരുന്നു കലാജീവിതം. വിവിധ ഗുരുക്കന്മാർക്ക്‌ കീഴിൽ  അഞ്ചാം വയസു മുതൽ കവിയൂർ പൊന്നമ്മ സംഗീതം അഭ്യസിച്ചിട്ടുണ്ട്. എട്ടാം ക്ലാസ്‌ പുർത്തിയാക്കിയതിന് ശേഷം  നാടകങ്ങളിൽ പിന്നണി പാടി തുടങ്ങി.

അരങ്ങിലേക്കുള്ള കവിയൂർ പൊന്നമ്മയുടെ ആദ്യ ചുവടുവയ്പ്പ് പതിനൊന്നാംവയസിലായിരുന്നു. തോപ്പിൽഭാസി സംവിധാനം ചെയ്‌ത  മൂലധനം നാടകത്തിൽ പാടി അഭിനയിച്ചുകൊണ്ടാണ് അഭിനയ രം​ഗത്തേക്ക് കടന്നുവരുന്നത്.  കെപിഎസി ഉൾപ്പെടെ വിവിധ നാടക സമിതികളിൽ പിന്നീട് സജീവമായി പ്രവർത്തിച്ചു.

നാടക വേ​ദികളിൽ നിന്നും പിന്നീടുള്ള അഭിനയ യാത്ര അവരെ വെള്ളിത്തിരയിലേക്ക് എത്തിക്കുകയായിരുന്നു.1962ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്നമ്മ ആദ്യമായി ക്യാമറക്കു മുമ്പിൽ എത്തുന്നത്. മുഴുനീള കഥാപാത്രമുള്ള ആദ്യ സിനിമ 1964 ൽ പുറത്തിറങ്ങിയ കുടുംബിനിയായിരുന്നു. തൊമ്മന്റെ മക്കൾ (1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ മറ്റ് നിരവധി ചലച്ചിത്ര താരങ്ങളുടെ അമ്മ റോളുകൾ അവതരിപ്പിച്ചു. ഓടയിൽനിന്ന് എന്ന സിനിമയിൽ സത്യന്റെ നായികാകഥാപാത്രമായി വേഷമിട്ടു.

മലയാളത്തിലെ ആദ്യകാല മുൻനിര സംവിധായകരുടെ ചിത്രങ്ങളിൽ നിറസാന്നിധ്യമായിരുന്നു കവിയൂർ പൊന്നമ്മ. സേതുമാധവൻ, വിൻസന്റ്‌, ശശികുമാർ  അടൂർ ഭാസി, ഭരതൻ, പത്മരാജൻ, ഐ വി ശശി, സിബി മലയിൽ, ബാലചന്ദ്രമേനോൻ തുടങ്ങിയ സംവിധായകരുടെ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധേയമായി.  വെളുത്ത കത്രീന, ക്രോസ്‌ ബെൽറ്റ്‌, ത്രിവേണി, കരകാണാക്കടൽ, ചാമരം, നിർമാല്യം, കൊടിയേറ്റം, തിങ്കളാഴ്‌ച നല്ല ദിവസം, നമുക്ക്‌ പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഹിസ്‌ ഹൈനസ്‌ അബുദുല്ല, കിരീടം തുടങ്ങിയ ചിത്രങ്ങളിലെ അവിസ്മരണീയ അഭിനയ മുഹൂർത്തങ്ങൾ കവിയൂർ പൊന്നമ്മയെ മലയാള സിനിമ പ്രേഷകർക്ക പ്രിയങ്കരിയാക്കി.

​പത്തോളം സിനിമകളിൽ പാടിയിട്ടുണ്ട്‌. ഗായികയായി കലാരം​​ഗത്തെത്തിയെങ്കിലും പിന്നീട് അഭിനയം സജീവമാക്കി. മുപ്പതോളം ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. അഭിനയ രം​ഗത്തെ മികച്ച സംഭാവനകൾക്ക്  സംസ്ഥാന ചലച്ചിത്ര അവാർഡ്‌ നാല് തവണ കരസ്ഥമാക്കി.
 



deshabhimani section

Related News

View More
0 comments
Sort by

Home