കാറിടിച്ച്‌ കൊലപാതകം: അപകടത്തിനുശേഷം ഫോൺപേ വഴി ഇൻഷുറൻസ്‌ പുതുക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 11:13 PM | 0 min read

കൊല്ലം
മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാർ കയറ്റി കൊലപ്പെടുത്തിയതിനുശേഷം ഫോൺ പേ ആപ്‌ വഴി കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി. കെഎൽ 23 ക്യൂ 9347 നമ്പർ കാറിടിച്ചാണ്‌ മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ദാരുണമായി കൊല്ലപ്പെട്ടത്.

അപകടം നടന്നത്‌ 15ന്‌ തിരുവോണദിനത്തിൽ വൈകിട്ട്‌ 5.47നാണ്‌. അപ്പോൾ കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അതിനാൽ കവറേജിന്റെ പരിധിയിൽ വരില്ല. അപകടശേഷം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽനിന്നാണ്‌ പോളിസി പുതുക്കിയത്‌. സെപ്‌തംബർ 16 മുതൽ ഒരുവർഷത്തേക്കാണു പുതിയ പോളിസി. പ്രതി മുഹമ്മദ് അജ്മലിന്റെ സുഹൃത്തിന്റെ അമ്മയുടെ പേരിലുള്ളതാണ് കാർ. സുഹൃത്തിനൊപ്പം ഓണാഘോഷ മദ്യസൽക്കാരം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. തേർഡ്‌ പാർടിയായി പുതുക്കിയ പോളിസിയിൽ നൽകിയ ഫോൺനമ്പർ സുഹൃത്തിന്റേതാണ്‌. 2471 രൂപയാണ്‌ പുതുക്കാൻ അടച്ചത്‌. അപകടദിവസവും പിറ്റേന്നും ഓഫീസ്‌ അവധിയായിരുന്നു. കാർ ഉടമയെ വിളിച്ചുവരുത്തി പൊലീസ്‌ വിശദമായ മൊഴിയെടുക്കും.

കേസിൽ റിമാൻഡിൽ കഴിയുന്ന കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കേതിൽ മുഹമ്മദ് അജ്മൽ (29), നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടി (27) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കാർ ഓടിച്ചിരുന്ന അജ്മലിനെതിരെ മനഃപൂർവമായ നരഹത്യ ഉൾപ്പെടെ വകുപ്പുകളാണ്‌ ചുമത്തിയത്. അജ്മലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും.
 



deshabhimani section

Related News

View More
0 comments
Sort by

Home