ഡബ്ല്യുസിസിയെ അപമാനിച്ച് ചിത്രം വരച്ച്‌ സംവിധായകൻ ; വിമൻ സിനിമ ക്യാൻസർ എന്ന്‌ അധിക്ഷേപം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 12:58 AM | 0 min read


കൊച്ചി
ഡബ്ല്യുസിസിയെ (വിമൻ ഇൻ സിനിമ കലക്ടീവ്) അപമാനിച്ച് പൊതുവേദിയിൽ ആദ്യകാല സംവിധായകൻ അമ്പിളി ചിത്രം വരച്ചതിനെ ചൊല്ലി വിവാദം. ഏഴിന്‌ കൊച്ചിയിൽ മാക്ടയുടെ 30–-ാം വാർഷികത്തോടനുബന്ധിച്ച് ചേർന്ന ആഘോഷപരിപാടിയിലാണ്‌  ഡബ്ല്യുസിസിയെ ‘സിനിമയിലെ ക്യാൻസർ’ എന്ന് ഉപമിച്ച്‌ ചിത്രം വരച്ചത്‌.  ഇതിനുപിന്നാലെ ഏതാനും സിനിമാപ്രവർത്തകൾ അവിടെവച്ചുതന്നെ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. എന്നാൽ,  പിന്നീട്‌ ഹേമ കമ്മിറ്റിയെ അനുകൂലിച്ച് ചിത്രം വരച്ചതിന് സിനിമാപ്രവർത്തകർ തന്നെ മർദിച്ചുവെന്ന പ്രചാരണവുമായി അമ്പിളിയെത്തി. ഇതോടെയാണ്‌ ചിത്രം വരച്ച സംഭവം പുറത്തറിഞ്ഞതും വിവാദമായതും.മാക്ട വാർഷികത്തിൽ ലൈവ് ചിത്രരചന എന്ന വിനോദപരിപാടിയിൽ ‘വിമൻ സിനിമ ക്യാൻസർ (ഡബ്ല്യുസിസി)’ എന്ന തലക്കെട്ട് നൽകിയാണ് അമ്പിളി ചിത്രം വരച്ചത്. 

ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഡബ്ല്യുസിസിയുടെ ഇടപെടലിലാണ് താരസംഘടനയെയടക്കം പ്രതിക്കൂട്ടിലാക്കിയ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്‌. ഇതിനുപിന്നാലെ ഡബ്ല്യുസിസിക്കെതിരെ ആസൂത്രിത സൈബർ ആക്രമണം നടക്കുന്ന സമയവുമാണ്. ഇത്തരം ചിത്രം വരയ്‌ക്കുന്നവരെ കൈകാര്യം ചെയ്യണമെന്ന തരത്തിലാണ് അമ്പിളിയുടെ പ്രചാരണത്തോട് പലരും പ്രതികരിച്ചത്. സിനിമാരംഗത്തെ സ്ത്രീകളെയാകെ അപമാനിക്കുന്നതാണ് അമ്പിളിയുടെ ചിത്രമെന്ന് വനിതാ സിനിമാപ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home