കെഎസ്‌ഇബി –സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ കരാർ ; 500 മെ​ഗാവാട്ട് വൈദ്യുതി ലഭ്യമാക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 02:07 AM | 0 min read


തിരുവനന്തപുരം
കേരളത്തിന് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി കരാറിലൊപ്പിട്ട് കെഎസ്ഇബി. 13,000 കോടി രൂപയോളം ചെലവുവരുന്ന വൈദ്യുതി വാങ്ങലിൽ പത്ത് ശതമാനമെങ്കിലും കുറവ് വരുത്താൻ കഴിയുമെന്നാണ് പുതിയ കരാറിലൂടെ കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. ‌

വൈദ്യുതി ലഭ്യതക്കുറവ് രൂക്ഷമായ വൈകിട്ട്‌ ആറിനുശേഷമുള്ള മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭ്യമാക്കാൻ കരാർ ഉപകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. പകൽ സമയത്ത് സൗരോർജ വൈദ്യുതിയും രാത്രി രണ്ട് മണിക്കൂർ  ബാറ്ററി സ്റ്റോറേജ് സിസ്റ്റം വഴിയുള്ള വൈദ്യുതിയുമാണ് ലഭ്യമാക്കുക. രാത്രിയിൽ‌ മണിക്കൂറിൽ 250 മെഗാവാട്ട് എന്ന നിലയിൽ തുടർച്ചയായി രണ്ട് മണിക്കൂറോ തവണകളായോ ആവശ്യാനുസരണം ഈ വൈദ്യുതി ഉപയോഗിക്കാം. യൂണിറ്റിന് താരതമ്യേന കുറഞ്ഞ നിരക്കായ 3.49 രൂപയ്‌ക്ക് വൈദ്യുതി ലഭിക്കും. 2026 സെപ്തംബറോടെ കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമായിത്തുടങ്ങും.25 വർഷമാണ് കരാർ കാലാവധി.

സോളാർ എനർജി കോർപറേഷൻ (എസ്ഇസിഐ) ജനറൽ മാനേജർ എ കെ നായിക്കും കെഎസ്ഇബിഎൽ ചീഫ് എൻജിനിയർ ജി സജീവുമാണ് കരാറിൽ ഒപ്പുവച്ചത്. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കെഎസ്‌ഇബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ, ഡയറക്ടർ ആർ ബിജു, എസ്ഇസിഐ പ്രോജക്ട് ഹെഡ് ശബാശിഷ് ദാസ്‌ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home