നൂലാമാല അഴിഞ്ഞു 
സ്വപ്നം പൂവണിഞ്ഞു ; 539 പട്ടയം വിതരണം ചെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 12:52 AM | 0 min read


കൊച്ചി
അരനൂറ്റാണ്ടായി ഒരുതുണ്ടു ഭൂമിക്കായുള്ള കാത്തിരിപ്പിലായിരുന്നു പുത്തൻവേലിക്കര ഒറക്കോടത്തുപറമ്പിൽ ഒ കെ ഹരിഹരനും ഭാര്യ മണിയും. നാലരസെന്റ്‌ ഭൂമിയുണ്ടെങ്കിലും പട്ടയമില്ലാത്തതായിരുന്നു ദുഃഖം. സംസ്ഥാനസർക്കാരിന്റെ ഇടപെടലിൽ ഉദ്യോഗസ്ഥതലത്തിലെ നൂലാമാലകൾ അഴിഞ്ഞതോടെ ഇവർക്ക്‌ സ്വപ്നം യാഥാർഥ്യമായി.  കളമശേരിയിൽ സംസ്ഥാന പട്ടയമേളയിൽ റവന്യൂമന്ത്രി കെ രാജനിൽനിന്ന്‌ പട്ടയരേഖ ഏറ്റുവാങ്ങിയപ്പോൾ ഹരിഹരന്റെയും ഭാര്യ മണിയുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.

ഹരിഹരൻ കൂലിപ്പണിക്കാരനും മണി ഹരിതകർമസേനാംഗവുമാണ്‌. പട്ടയത്തിനായി 1970കളുടെ അവസാനം മുതലാണ്‌ ഹരിഹരൻ നടപ്പുതുടങ്ങിയത്‌. വില്ലേജ്‌ ഓഫീസ്‌ മുതൽ താലൂക്ക്‌ ഓഫീസ്‌ വരെ കയറിയിറങ്ങിയെങ്കിലും പരിഹാരമായില്ല. ഓലപ്പുര ചോർന്നൊലിച്ചപ്പോൾ ഓടുമേഞ്ഞെങ്കിലും വൈകാതെ വീട്‌ നിലംപതിച്ചു. നാട്ടുകാരുടെ സഹായത്തോടെ ചെറിയ വീട് നിർമിച്ചെങ്കിലും ഭൂമിക്ക്‌ പട്ടയം ഇല്ലാത്തതിനാൽ വീട്ടുനമ്പർ കിട്ടിയില്ല. അതിനിടയിലാണ്‌ ഇപ്പോൾ  പട്ടയം ലഭിച്ചത്‌.

‘‘ഇത്‌ ഞങ്ങൾക്ക്‌ സർക്കാർ നൽകിയ  ഓണസമ്മാനമാണ്‌’’–- ഹരിഹരൻ  പട്ടയരേഖ നെഞ്ചോടുചേർത്തു. കളമശേരി മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച മേളയിൽ 539 പേർക്കാണ്‌  റവന്യുമന്ത്രി കെ രാജൻ പട്ടയം കൈമാറിയത്‌. വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനായി.  മറ്റു ജില്ലകളിലെ അർഹരായ എല്ലാവർക്കും പട്ടയം നൽകും.



deshabhimani section

Related News

View More
0 comments
Sort by

Home