Deshabhimani

എന്റെ ഭൂമി-ഇന്റഗ്രേറ്റഡ് പോർട്ടൽ ഒക്ടോബർ മാസത്തിൽ നടപ്പാക്കും: മന്ത്രി കെ രാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 10:52 PM | 0 min read

തിരുവനന്തപുരം > രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യൂ വകുപ്പിന്റെ റെലിസ്, സർവേ വകുപ്പിന്റെ ഇ മാപ്പ് എന്നീ പോ൪ട്ടലുകൾ സംയോജിപ്പിച്ച് ഇന്ത്യയിൽ ആദ്യമായി എന്റെ ഭൂമി എന്ന ഇന്റഗ്രേറ്റഡ് പോർട്ടൽ ഒക്ടോബർ മാസം കേരളത്തിൽ നടപ്പാക്കുമെന്ന് മന്ത്രി കെ രാജൻ. കളമശേരി മുനിസിപ്പിൽ ടൗൺഹാളിൽ പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.

ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളിലുണ്ടാകുന്ന തെറ്റിദ്ധാരണകൾ, തട്ടിപ്പുകൾ എന്നിവ ഒഴിവാക്കുന്നതിന് ഇന്റഗ്രേറ്റഡ് പോ൪ട്ടൽ വഴി സാധിക്കും. രജിസ്ട്രേഷൻ സമയത്ത് തന്നെ ഭൂമിയുടെ പോക്കുവരവിന്റെ സാധ്യതകളും ലൊക്കേഷൻ സ്കെച്ചും രജിസ്റ്റർ ചെയ്യുന്നവർക്ക് തിരിച്ചറിയാൻ കഴിയുന്ന സംവിധാനത്തിലൂടെ രജിസ്ട്രേഷൻ ഒരു കരാർ മാത്രമല്ല റവന്യൂ, സർവേ വകുപ്പുകളെ കൂടി കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രക്രിയയാക്കി മാറ്റുകയാണ് റവന്യൂ വകുപ്പ്.

ഇന്ത്യക്ക് പുറത്തുള്ള പത്ത് രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികളായ മലയാളികൾക്ക് കേരളത്തിലുള്ള ഭൂമിക്ക് ഓൺലൈനായി കരം അടയ്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് ഇ ബാങ്കിംഗിന്റെയും ഇ ട്രഷറിയുടെയും സൗകര്യം ഉപയോഗിച്ച് സമ്പൂർണമായി റവന്യൂ വകുപ്പിനെ ഡിജിറ്റലാക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ഫ്ളാറ്റുകളിൽ താമസിക്കുന്നവരുടെ ഭൂമിക്ക് ആനുപാതികമായി കരം അടയ്ക്കാൻ കഴിയണമെന്ന ആവശ്യം നിലനിൽക്കുകയാണ്. ഫ്ളാറ്റ് സമുച്ചയത്തിലെ ഫ്ളാറ്റ് ഉടമകൾക്ക് ഫ്ളാറ്റിന്റെ ഉടമസ്ഥതാവകാശം ലഭിക്കുമെങ്കിലും തണ്ടപ്പേർ ലഭിക്കില്ല. ഇ സാഹചര്യത്തിൽ അൺ ഡിവൈഡഡ് ഷെയർ എന്ന ആശയം മുന്നോട്ടു വെച്ചു കൊണ്ട് ഫ്ളാറ്റിന്റെ സ്ക്വയർ ഫീറ്റിനു തുല്യമായ ഭൂമിയ്ക്ക് അവകാശം ലഭിക്കുന്ന വിധത്തിൽ തണ്ടപ്പേർ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
 



deshabhimani section

Related News

0 comments
Sort by

Home