ആ കരുതലും നഷ്ടമായി ; താങ്ങും തണലുമായി കൂടെ നിന്നത് ജെൻസൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 01:02 AM | 0 min read


കൽപ്പറ്റ
ശ്രുതിയുടെ രക്ഷിതാക്കളെയും സഹോദരിയെയും മുണ്ടക്കെെ ഉരുൾപൊട്ടൽ കവർന്നെടുത്തപ്പോൾ താങ്ങും തണലുമായി കൂടെ നിന്നത് പ്രതിശ്രുത വരൻ ജെൻസനായിരുന്നു. ചൊവ്വാഴ്ച വെെകിട്ടുണ്ടായ വാഹനാപകടത്തിൽ ശ്രുതിയുടെ കാലിനും പരിക്കേറ്റിരുന്നു.

ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവർ ഉരുൾപൊട്ടലിൽ മരിച്ചിരുന്നു. അപകട ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയതിനാലാണ്‌ ശ്രുതി ഉരുൾപൊട്ടലിൽനിന്ന്‌ രക്ഷപെട്ടത്‌. അടുത്ത ദിവസം പുലർച്ചെ മേപ്പാടിയിലെത്തിയതുമുതൽ ശ്രുതിയെ ചേർത്തുപിടിച്ച്  ജെൻസനുമുണ്ടായിരുന്നു. ഈ കരുതലാണ്‌ ഇപ്പോൾ നഷ്ടമായത്.

കുടുംബം പൂർണമായും നഷ്ടമായപ്പോൾ ശ്രുതിക്ക്‌ താങ്ങും തണലുമായി ജെൻസൻ ഒപ്പംനിന്നു. പകൽ ദുരിതാശ്വാസ ക്യാമ്പിൽ ഒപ്പമുണ്ടാവും. രാത്രി പുറത്ത് നിർത്തിയിട്ട കാറിൽ കിടക്കും.  പുലരുന്നതോടെ വീണ്ടും ശ്രുതിയുടെ അരികിലേക്ക്‌ ഓടിയെത്തും. കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹം ഡിസംബറിൽ നടത്താനായിരുന്നു വീട്ടുകാരുടെ തീരുമാനം. അതിനിടയിലാണ് ഉരുൾപൊട്ടലുണ്ടായത്‌. ഇതോടെ  വിവാഹം നടത്തുന്നത്‌ ഒരുവർഷത്തേക്ക്‌ നീട്ടിവെച്ചു. ബന്ധുക്കളുടെ അനുവാദത്തോടെ മതേതരവിവാഹത്തിനായിരുന്നു ഇരുവരുടെയും തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Home